മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നതല്ല; വ്യാജഏറ്റുമുട്ടൽ ആരോപണം തള്ളി പൊലീസ്,​ മൃതദേഹങ്ങൾ റീപോസ്റ്റുമോർട്ടം ചെയ്യണമെന്ന് ബന്ധുക്കൾ

Wednesday 30 October 2019 6:39 PM IST

പാലക്കാട് : അട്ടപ്പാടിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾ കീഴടങ്ങാൻ വന്നതാണെന്ന ആരോപണം തള്ളി എസ്.പി. എ.കെ.47 തോക്കുകൾ ഉപയോഗിച്ച് മാവോയിസ്റ്റുകൾ ആക്രമിച്ചു. പൊലീസ് ആക്രമിക്കാനല്ല. പട്രോളിംഗിനാണ് പോയത്. വ്യാജ ഏറ്റുമുട്ടലാണോ അല്ലയോ എന്ന് സാക്ഷികളോട് ചോദിക്കാമെന്നും എസ്.പി പറഞ്ഞു. മാവോയിസ്റ്റുകളിൽ നിന്ന് ഒരു എ.കെ. 47 തോക്ക്, അരിവാൾ ചുറ്റിക ചിഹ്നം കൊത്തിയത് ഉൾപ്പെടെയുള്ള ആറ് നാടൻത്തോക്കുകൾ, കത്തികൾ, റേഡിയോ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, ടോർച്ചുകൾ, പെൻഡ്രൈവുകൾ തുടങ്ങിയവയും മാവോയിസ്റ്റുകളുടെ പതാകയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.

അതേസമയം പൊലീസ് കൃത്യമായി നടപടി ക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റെടുക്കാൻ വിസമ്മതിച്ചു. കാർത്തിക്കിന്റേയും മണിവാസകത്തിന്റേയും ബന്ധുക്കളാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. പൊലീസ് എല്ലാ നടപടിക്രമങ്ങളും പാലിക്കണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ ആവശ്യപ്പെട്ടു. മൃതദേഹങ്ങൾ വീണ്ടും റീപോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കാർത്തികിന്റെ അമ്മയും സഹോദരിയും കളക്ടർക്ക് അപേക്ഷ നല്‍കി.