മാവോയിസ്റ്റുകളുടെ മരണം അകലെനിന്നുള്ള വെടിയേറ്റെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

Wednesday 30 October 2019 9:01 PM IST

മധുര: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉൾക്കാട്ടിൽ കൊല്ലപ്പെട്ട നാല് മാവോയിസ്റ്റുകളുടെയും മരമം അകലെനിന്നുള്ള വെടിയേറ്റാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അവസാനം പോസ്റ്റ്‌മോർട്ടം നടത്തിയ മാവോയിസ്റ്റ് മണിവാസകന്റെ ശരീരത്തിൽ നിന്ന് മൂന്ന് വെടിയുണ്ടകൾ കണ്ടെത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളുടെ ബന്ധുക്കൾ റീപോസ്റ്റുമോർട്ടം ആവശ്യപ്പെട്ട് പരാതി നൽകാനിരിക്കെയാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നത്.

മണിവാസകന്റെ ശിരസിലാണ് ഒരു വെടിയുണ്ട ഉണ്ടായിരുന്നത്. മറ്റ് രണ്ടെണ്ണം ശരീര ഭാഗങ്ങളിൽ നിന്നാണ് കണ്ടെത്തിയത്. നാല് പേർക്ക് നേരേയും വെടിയുതിർത്തത് നിശ്ചിത ദൂരപരിധിക്ക് പുറത്തു നിന്നാണെന്നാണ് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായിരിക്കുന്നത്.

മൃതദേഹം കാണുന്നതിനുള്ള അനുമതിക്കായി ബന്ധുക്കൾ നാളെ തൃശൂർ റേഞ്ച് ഡി..ഐജിക്കും അന്വേഷണ ഉദ്യോഗസ്ഥനും അപേക്ഷ നൽകും. അതേസമയം മണിവാസകത്തിന്റെ മൃതശരീരം സംസ്കരിക്കരുതെന്ന് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിൽ ഹർജി സമർപ്പിച്ചു. മണിവാസകത്തിന്റെ സഹോദരന്റെ മകൻ അൻമ്പരസ്സനാണ് ഹർജി നൽകിയിരിക്കുന്നത്. മണിവാസകത്തിന്റെ ഭാര്യയും മകളും മറ്റൊരു കേസിൽ ട്രിച്ചി ജയിലിലാണ്. ഇവർക്ക് സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ മാനുഷികമായഅവകാശമുണ്ടെന്നും, ഇവർക്ക് പരോൾ ലഭിക്കുന്നത് വരെ കേരളാ പൊലീസിന്റെ തുടർ നടപടികൾ തടയണം എന്നുമാണ് ഹർജിയിലെ ആവശ്യം. ഹർജി നാളെ കോടതി പരിഗണിക്കും.

അതേസമയം കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ആവശ്യപ്പെട്ട് മാവോയിസ്റ്റുകളുടെ ബന്ധുക്കൾ നാളെ പാലക്കാട് കോടതിയെ സമീപിക്കും. ഇപ്പോൾ നടക്കുന്ന പോസ്റ്റ്മോർട്ടം നിർത്തിവയ്ക്കണമെന്ന് പാലക്കാട് ജില്ലാ കളക്ടർക്ക് ഇവർ രേഖാമൂലം അപേക്ഷ നൽകി.

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കാണണമെന്ന് ആവശ്യപ്പെട്ട്, ബന്ധുക്കൾ ആദ്യം ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചിരുന്നു. അദ്ദേഹം ഇതനുവദിച്ചു. ഇത് പ്രകാരം തൃശ്ശൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെത്തിയ ബന്ധുക്കൾക്ക് മൃതദേഹം കാണാൻ സാധിച്ചില്ല. പോസ്റ്റ്മോർട്ടം നടപടികൾ ആരംഭിച്ചുവെന്നാണ് ഇവർക്ക് ലഭിച്ച മറുപടി.

ഇതോടെയാണ് ഈ പോസ്റ്റ്മോർട്ടത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കി ബന്ധുക്കൾ ജില്ലാ കളക്ടറെ സമീപിച്ചത്. പൊലീസ് പറയുന്ന ഏറ്റുമുട്ടൽ കൊലയെന്ന വാദത്തിൽ വിശ്വാസമില്ലെന്ന് ഇവർ പരാതിയിൽ പറയുന്നു. റീ പോസ്റ്റ്മോർട്ടം തങ്ങൾക്ക് താത്പര്യമുള്ള സർജനെ കൊണ്ട് നടത്തണം എന്ന ആവശ്യവുമായി കോടതിയെ സമീപിക്കുമെന്നും , കോടതി ഉത്തരവ് വരും വരെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പോസ്റ്റ്‌മോർട്ടം നിർത്തിവയ്ക്കണമെന്നുമാണ് ബന്ധുക്കൾ ആവശ്യപ്പെട്ടത്.