തിരുവനന്തപുരത്ത് നിന്നും 320 കിലോമീറ്റർ ദൂരത്ത് 'മഹാ'ചുഴലിക്കാറ്റ്: അതിതീവ്ര ന്യൂനമർദ്ദം രാത്രിയോടെ ചുഴലിക്കാറ്റായി മാറി

Wednesday 30 October 2019 9:37 PM IST

തിരുവനന്തപുരം: മുൻപുണ്ടായ ക്യാർ ചുഴലിക്കാറ്റ് ദുർബലമാകുന്നതിന് മുൻപേ തന്നെ, ഒരാഴ്ചയ്ക്കുള്ളിൽ മറ്റൊരു ചുഴലിക്കാറ്റ് അറബിക്കടലിൽ രൂപപ്പെട്ടു. ചുഴലിക്കാറ്റ് രാത്രിയോടെ തന്നെ രൂപപ്പെട്ടു എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഇതിനെ തുടർന്ന് ലക്ഷ്വദ്വീപിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം കേരള തീരത്ത് ശനിയാഴ്ച വരെ മീൻപിടുത്തം പൂർണമായും നിരോധിച്ചിട്ടുണ്ട്. കടലിൽ പോയവർ ഉടൻ തന്നെ തിരികെ എത്തണമെന്നും അറിയിപ്പുണ്ട്. അറബി കടലിൽ ഉണ്ടായ അതിതീവ്ര ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറിയിരിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും 320 കിലോമീറ്റർ ദൂരെയാണ് നിലവിൽ ഈ ചുഴലിക്കാറ്റിന്റെ സ്ഥാനം. 'മഹാ' എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഒരുതരത്തിലും വരില്ല എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.

അതേസമയം കേരളത്തിൽ കനത്ത മഴയും കാറ്റും 'മഹാ' സൃഷ്ടിക്കും. തെക്കൻ കേരളത്തിലും മദ്ധ്യ കേരളത്തിലുമാണ് ശക്തമായ കാറ്റും മഴയുംഅനുഭവപ്പെടുക. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാകും ചുഴലിക്കാറ്റ് വീശുക. ലക്ഷ്വദ്വീപിൽ കനത്ത ജാഗ്രതാ നിർദ്ദേശമാണ് കാലാവസ്ഥാ വകുപ്പ് നൽകിയിരിക്കുന്നത്. ലക്ഷ്വദ്വീപിന് കുറുകേയാകും ചുഴലിക്കാറ്റ് കടന്നുപോകുക. ഇത് വലിയ തോതിലുള്ള മഴയ്ക്കും കാറ്റിനും ഇടയാക്കും. അടുത്ത 24 മണിക്കൂറിനുള്ളിൽ 'മഹാ' ശക്തി പ്രാപിച്ച് അതിതീവ്ര ചുഴലിക്കാറ്റായി മാറാനുള്ള സാദ്ധ്യതയും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്. വലിയ തിരമാലകൾ രൂപപ്പെടാൻ സാദ്ധ്യത ഉള്ളതിനാൽ മത്സ്യ തൊഴിലാളികളും സാധാരണ ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയും പറയുന്നു.