വാളയാർ കേസിൽ സി.ബി.ഐ അന്വേഷണമില്ല: പൊതുതാത്പര്യ ഹർജി തള്ളി ഹൈക്കോടതി

Friday 01 November 2019 3:20 PM IST

കൊച്ചി: വാളയാർ സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉടൻ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീൽ നൽകാൻ നിലവില്‍ സാഹചര്യമുണ്ട്. പോക്‌സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂയെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് പോക്‌സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ടെന്നും ഈ വിധി റദ്ദാക്കിയാൽ മാത്രമേ പുനരന്വേഷണത്തിന് സാധിക്കുവെന്ന് സിബിഐ അഭിഭാഷകനും കോടതിയെ അറിയിച്ചിട്ടുണ്ട്. ഈ കാരണം കൊണ്ട് ഇപ്പോൾ സി.ബി.ഐ അന്വേഷണം പരിഗണിക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

അതേ സമയം കേസിൽ സർക്കാരിനും പെൺകുട്ടികളുടെ മാതാപിതാക്കൾക്കും ആവശ്യമെങ്കിൽ പോക്സോ കോടതിയിൽ അപ്പീൽ പോകാമല്ലോയെന്നും ഇതിന് നിയമ സാധുതയുണ്ടെന്നും കോടതി ചോദിച്ചു. അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മലയാള വേദി പ്രസിഡന്റ് ജോർജ്ജ് വട്ടുകുളമാണ് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.ഇത്തരത്തിലൊരു ഹർജി ഇപ്പോൽ നൽകുന്നത് എന്തിനാണെന്നും പത്രവാർത്തകളുടെ അടിസ്ഥാനത്തിലാണോ ഹർജിയെന്നും ഹൈക്കോടതി ഹർജിക്കാരനോട് ചോദിച്ചു. കേസിന്റെ വിചാരണ വേളയിൽ താങ്കൾ എവിടെയായിരുന്നുവെന്നും കോടതി ഇദ്ദേഹത്തോട് ചോദിച്ചു.