സി.എസ് ചന്ദ്രികയുടെ കടുത്ത തീരുമാനം ഫലം കണ്ടു, ജോർജ് ഓണക്കൂറിനെ പരിപാടിയിൽ നിന്ന് ഒഴിവാക്കി
തിരുവനന്തപുരം: തിരുവനന്തപുരം പ്രസ് ക്ലബിൽ തനിമ കലാ സാഹിത്യ വേദി സംഘടിപ്പിച്ച കേരളം മലയാളം ഭാഷാ പരിപാടിയിൽ നിന്ന് നോവലിസ്റ്റ് ഡോ. ജോർജ് ഓണക്കൂറിനെ ഒഴിവാക്കി. ജോർജ് ഓണക്കൂറുമായി വേദി പങ്കിടാൻ തയ്യാറെല്ലെന്ന് സി.എസ് ചന്ദ്രിക വ്യക്തമാക്കിയിരുന്നു.ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരന് ചുംബനം നൽകിയ എഴുത്തുകാരൻ ജോർജ് ഓണക്കൂറുമായി വേദി പങ്കിടില്ലെന്നാണ് സി.എസ് ചന്ദ്രിക. പറഞ്ഞത്.
എന്നാൽ സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന നിലപാടിലാണ് ജോർജ് ഓണക്കൂര്‍. ഓണക്കൂറിനെ ഒഴിവാക്കിയതായി അറിയിച്ചതിനെ തുടർന്ന് ചന്ദ്രിക പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു. വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നാണ് ഓണക്കൂർ വരാതിരുന്നതെന്നാണ് സംഘാടകരുടെ ഔദ്യോഗിക വിശദീകരണം. വാളയാർ പെൺകുട്ടികളുടെ മരണത്തിൽ പ്രതികളെ വെറുതെ വിട്ടതിൽ പ്രതിഷേധിച്ച് കുമ്മനം നടത്തുന്ന സമരം ഉദ്ഘാടനം ചെയ്യാനാണ് ജോർജ് ഓണക്കൂർ എത്തിയിരുന്നു. സെക്രട്ടറിയേറ്റ് പടിക്കലാണ് കുമ്മനം ഏകദിന ഉപവാസ സമരം സംഘടിപ്പിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ചന്ദ്രിക തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു.
എന്നാൽ ചന്ദ്രികയ്ക്കെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. അസഹിഷ്ണുക്കളെ സാംസ്‌കാരിക നായകരെന്ന് വിളിക്കാനാകില്ലെന്ന് എംടി രമേശ് പറഞ്ഞു. സോഷ്യൽ മീഡിയയിലും ചന്ദ്രികയ്ക്കെതിരെ പ്രതിഷേധമുയരുന്നുണ്ട്.