ശബരിമലയിൽ വികസന പദ്ധതികൾ നേരിട്ട് നടത്താൻ സർക്കാർ,​ കളക്ടർക്ക് പ്രത്യേക അധികാരം നൽകി ഉത്തരവ്

Monday 04 November 2019 7:43 PM IST

തിരുവനന്തപുരം : മണ്ഡലമകരവിളക്ക് തീർത്ഥാടനത്തിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ശബരിമലയിലെ നിർമ്മാണ, വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ പത്തനംതിട്ട കളക്ടർക്ക് പ്രത്യേക അധികാരം നൽകി സർക്കാർ ഉത്തരവ്.

ഹൈക്കോടതി നിയമിച്ച ജസ്റ്റിസ് സിരിജഗൻ സമിതി ഉൾപ്പെടെയുള്ള നിയന്ത്രണ സമിതികൾ പ്രവർത്തനങ്ങൾക്ക് തടസം നിൽക്കുന്നു എന്നും പലപദ്ധതികളുടെയും മെല്ലെപ്പോക്കിനും നിറുത്തിവയ്ക്കാനും ഇടയാകുന്നുവെന്നും സർക്കാരിന് അഭിപ്രായമുണ്ട്. ഈ പശ്ചാത്തലത്തിലാണ് കളക്ടർക്ക് കൂടുതൽ അധികാരം നൽകി പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ വികസന പദ്ധതികൾ നേരിട്ട് നടത്താൻ സർക്കാരിന് കഴിയും.

അതേസമയം ഹൈക്കോടതിയുടെ ഹൈപ്പവർസമിതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം എന്നിവയെ മറികടന്നുകൊണ്ടുള്ള പ്രവർത്തനം സാദ്ധ്യമാകില്ലെന്നും അഭിപ്രായം ഉയർന്നിട്ടുണ്ട്. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറങ്ങിയത്.