ഇ- ആട്ടോ നിരത്തിലിറങ്ങി

Tuesday 05 November 2019 12:13 AM IST

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോ മൊബൈൽസ് ഇ- ആട്ടോറിക്ഷകൾ പുറത്തിറക്കി. എം.എൽ.എ ഹോസ്റ്റലിലെ നിള ബ്ളോക്കിൽ നടന്ന ചടങ്ങിൽ സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ ഫ്ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ശേഷം സ്‌പീക്കർ,​ മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ എന്നിവരും ചില എം.എൽ.എ മാരും ഇ - ആട്ടോയിലാണ് നിയമസഭാ സമ്മേളനത്തിനെത്തിയത്. ഏഴ് ആട്ടോകളാണ് ഇന്നലെ നിരത്തിലിറക്കിയത്.

ഗതാഗത രംഗത്ത് വിപ്ളവം സൃഷ്ടിക്കുന്ന സംരംഭത്തിനാണ് തുടക്കമായിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സ്‌പീക്കർ പറഞ്ഞു. എം.എൽ.എ ഹോസ്റ്റലിൽ നിന്നുതന്നെ ഇത് തുടങ്ങാനായത് അഭിമാനകരമാണ്. ഇന്ധനച്ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമായ ഈ സംരംഭം മണ്ഡലത്തിലെ ജനങ്ങൾക്ക് കൂടി ഉപകരിക്കുന്നതിന് എം.എൽ.എമാർ വേണ്ടത് ചെയ്യണം. എം.എൽ.എ ഫണ്ട് ഉപയോഗിച്ച് റീച്ചാർജ് കേന്ദ്രങ്ങൾ സ്ഥാപിക്കണം.

ആട്ടോറിക്ഷ മാത്രമല്ല മറ്റ് വാഹനങ്ങളും നിർമ്മിക്കുന്നതിലേക്ക് കെ.എ.എൽ കടന്നിരിക്കുകയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷനായ മന്ത്രി ജയരാജൻ പറഞ്ഞു. പുതിയൊരു യാത്രാ സംസ്‌കാരത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

എം.എൽ.എമാരായ കെ. ആൻസലൻ, ടി.വി. ഇബ്രാഹിം,​ വി. ജോയി, ഐഷാ പോറ്റി, കെ.എ.എൽ ചെയർമാൻ കരമന ഹരി, എം.ഡി ഷാജഹാൻ, ഗതാഗത സെക്രട്ടറി കെ.ആർ. ജ്യോതിലാൽ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.