തുണിക്കടയിൽ പതിവായെത്തുന്ന പശു, സ്വീകരിക്കാൻ ഉടമ ചെയ്യുന്നത്... ഞെട്ടി പരിസരവാസികൾ

Thursday 07 November 2019 2:17 PM IST

ഹൈദരാബാദ്: തുണിക്കടയിൽ പതിവായി എത്തുന്ന പശു നാട്ടുകാർക്ക് കൗതുകമാകുന്നു. ആന്ധ്രാപ്രദേശിൽ കഡപ്പ ജില്ലയിലെ തുണിക്കടയിലാണ് തെരുവിൽ അലഞ്ഞുതിരിയുന്ന പശു നിത്യവും എത്തുന്നത്. മൂന്നുമണിക്കൂറോളം കടയിൽ ചെലവിടുന്ന പശു ആർക്കും ഒരു പ്രശ്നവുമുണ്ടാക്കാതെ വന്നപോലെ മടങ്ങും.

എട്ടുമാസം മുമ്പാണ് പശു കടയിൽ എത്തിത്തുടങ്ങിതെന്നാണ് കടയുടമ പറയുന്നത്. നിലത്ത് മെത്തയിലിരുന്നാണ് കടയിലെത്തുന്നവർ വസ്ത്രങ്ങൾ തെരഞ്ഞെ‌ടുക്കുന്നത്. ഇൗ മെത്തയിലാണ് പശുവിന്റെ കിടപ്പും. സന്ദർശനം പതിവാക്കിയതോടെ പശുവിന് കിടക്കാനായി മാത്രം മെത്തയിൽ ഒരു ഷീറ്റ് വിരിക്കാൻ തുടങ്ങി. അതാേടെ കിടപ്പ് അതിന്മേലായി. കടയ്ക്കുള്ളിലെ കസ്റ്റമേഴ്സിന് ശല്യവുമുണ്ടാകാതിരിക്കാൻ വളരെ കരുതലോടെയാണ് പെരുമാറുന്നത്. കടയ്ക്കുൾവശം വൃത്തികേടാക്കുന്ന പ്രശ്നവും ഇല്ല.

പതിവുസന്ദർശകയായതോടെ കടയിലെ ജീവനക്കാർക്ക് പശുവിനോട് വല്ലാത്തൊരു അടുപ്പമാണ്. പശുവിന്റെ ശരീരത്തിൽ ചന്ദനം പൂശുന്ന ജീവനക്കാർ അതിന് ആഹാരവും നൽകാറുണ്ട്. ആഹാരം നൽകാനായി മാത്രം പ്രത്യേക പാത്രവും വച്ചിട്ടുണ്ട്. ഇതിൽ കൊടുത്താൽ മാത്രമേ കഴിക്കൂ. അതും കിടന്നുകൊണ്ട് മാത്രം.

പശുവിന്റെ സന്ദർശനം പതിവായതോടെ കച്ചവടം കൂടുതൽ പച്ചപിടിച്ചുതുടങ്ങിയെന്നാണ് ഉടമ പറയുന്നത്.