അയ്യോ...നായക വേഷത്തിൽ മമ്മൂക്ക വേണ്ട, ആൾക്കാരുടെ മുന്നിൽ വച്ച് ഉറക്കെ പറഞ്ഞു: മമ്മൂക്ക ഉൾപ്പെടെ എല്ലാവരും നടുങ്ങി

Thursday 07 November 2019 4:02 PM IST

മലയാള സിനിമയിൽ സംവിധാന മികവുകൊണ്ട് വേറിട്ടു നിൽക്കുന്ന സംവിധായകരിലൊരാളാണ് ലാൽ ജോസ്. സംവിധായകൻ കമലിന്റെ സഹായി ആയിട്ടാണ് ലാൽജോസ് സിനിമാ രംഗത്തെത്തിയത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. മറവത്തൂർ കനവും, മീശമാധവനും, ക്ലാസ്സ്മേറ്റ്സും പോലുളള വാണിജ്യ സിനിമകൾക്കൊപ്പം അച്ഛനുറങ്ങാത്ത വീടും, അയാളും ഞാനും തമ്മിലും പോലുളള കലാപരമായ സിനിമകളും പ്രേക്ഷകർക്ക്‌ മുന്നിലെത്തിച്ചു. ഇപ്പോൾ,​ തന്റെ സുപ്രധാന വഴിത്തിരിവായ ഒരു സിനിമയ്ക്കിടെ പ്രമുഖ നടൻ മമ്മൂട്ടിക്ക് അതിൽ വേഷം നൽകില്ലെന്ന് പറഞ്ഞ സംഭവത്തെ കുറിച്ച് തുറന്നുപറയുകയാണ് ലാൽ ജോസ്. കേരള കൗമുദി ഫ്ലാഷ് മൂവിസിനോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിത്.

"ശ്രീനിവാസനുമായി നീ എന്തോ ചുറ്റിക്കളി നടത്തുന്നുണ്ടെന്ന് കേട്ടെല്ലോയെന്ന് മമ്മൂക്ക ഒരു ദിവസം ചോദിച്ചു. ഞാൻ കാര്യം പറഞ്ഞു. ആരാ നായകനെന്ന് മമ്മൂക്ക ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്നും നല്ല കഥകിട്ടിയാൽ അതിലെ നായകന് ആരുടെ ഛായയാണോ അപ്പോൾ അയാളോട് പോയി ഡേറ്റ് ചോദിക്കാമെന്നാണ് വിചാരിക്കുന്നതെന്ന് ഞാൻ പറഞ്ഞു. നിന്റെ നായകന് എന്റ ഛായയാണെങ്കിൽ ഞാൻ ഡേറ്റ് തരാമെന്ന് തമാശ മട്ടിൽ മമ്മൂക്ക പറ‌ഞ്ഞപ്പോൾ അയ്യോ വേണ്ട എന്ന് ഞാൻ ഉറക്കെ പറ‌ഞ്ഞു. ലൊക്കേഷനിൽ എല്ലാ ആൾക്കാരുടേയും മുന്നിൽ വച്ചാണ് ഈ സംഭവം. മമ്മൂക്ക ഉൾപ്പെടെ എല്ലാവരും നടുങ്ങി.

"അതെന്താ നീ അങ്ങനെ പറ‌ഞ്ഞത്?"മമ്മൂക്കയ്ക്ക് വിടാൻ ഭാവമില്ല. എനിക്ക് പണി അറിയാമോയെന്ന് എനിക്ക് തന്നെ ബോദ്ധ്യം വന്നിട്ടില്ലെന്നും കോൺഫിഡൻസായ ശേഷം മമ്മൂക്കയുടെയടുത്ത് കഥയുമായി വരാമെന്നും അപ്പോൾ ഡേറ്റ് തന്നാൽ മതിയെന്നും ഞാൻ പറഞ്ഞു. ആദ്യ സിനിമയ്ക്കേ ഡേറ്റുള്ളൂവെന്ന് അപ്പോൾ മമ്മൂക്ക പറഞ്ഞു. അന്ന് രാത്രി വെെകിയൊരു ട്വിസ്റ്റ് സംഭവിച്ചു.

അന്ന് രാത്രി ശ്രീനിയേട്ടന്റെ വിളിയാണ് ട്വിസ്റ്റായത്. മമ്മൂട്ടി ഡേറ്റ് തരാമെന്ന് പറ‌ഞ്ഞപ്പോൾ വേണ്ടെന്ന് പറഞ്ഞോയെന്ന് ചോദിച്ചയിരുന്നു ശ്രീനിയേട്ടന്റെ വിളി. മമ്മൂക്കയെ ഞാൻ അത്രമാത്രം ബഹുമാനിക്കുന്നുണ്ടെന്നും ഒരു ആശയകുഴപ്പം സെറ്റിലുണ്ടായാൽ മറികടക്കാൻ പറ്റു‌‌മോയെന്ന് അറിയില്ലെന്നും പറഞ്ഞു. മൂപ്പര് ഇങ്ങോട്ട് താൽപര്യം കാണിച്ച സ്ഥിതിക്ക് നോക്കാമെന്ന് ശ്രീനിയേട്ടൻ പറഞ്ഞു. മമ്മൂട്ടി കൂടി വരുമ്പോൾ നല്ലതാണെന്നും നീ നാളെത്തന്നെ സോറി പറഞ്ഞ് കാര്യങ്ങൾ നീക്കണമെന്നും ശ്രീനിയേട്ടൻ ഉപദേശിച്ചു. അടുത്ത ദിവസം തലയും ചൊറിഞ്ഞ് മമ്മൂക്കയുടെ മുന്നിൽ ചെന്നു. ഇന്നലത്തെ ഓഫർ ഓണാണോ? പിന്നെന്താ എന്നായിരുന്നു മമ്മൂക്കയുടെ മറുപടി".

അഭിമുഖത്തിന്റെ പൂർണരൂപം നവംബർ ലക്കം കേരളകൗമുദി ഫ്ലാഷ് മൂവിസിൽ വായിക്കാം