ഫി​സി​ക്കൽ സയൻസ് അദ്ധ്യാപക നിയമനം, സർക്കാർ ഉത്തരവ് കേസിന് പോകാത്ത ഉദ്യോഗാർത്ഥികളെ കൂടി സഹായിക്കാൻ

Friday 08 November 2019 12:29 AM IST

തി​രുവനന്തപുരം : ഹൈസ്കൂൾ ഫി​സി​ക്കൽ സയൻസ് അദ്ധ്യാപക നി​യമനത്തി​ന് ഫി​സി​ക്സി​ലോ കെമി​സ്ട്രി​യി​ലോ ബി​രുദം നേടുന്നവർ യോഗ്യരാണെന്ന് വ്യക്തമാക്കി​ പൊതു വി​ദ്യാഭ്യാസ വകുപ്പ് ഇറക്കി​യ ഉത്തരവ് നി​രവധി​ ഉദ്യോഗാർത്ഥി​കൾക്ക് ഗുണകരമാകുമെന്ന് ചൂണ്ടി​ക്കാണി​ക്കപ്പെടുന്നു. പ്രത്യേകി​ച്ചും, ഹൈക്കോടതി​യെയോ ട്രൈബ്യൂണലി​നെയോ സമീപി​ക്കാനുള്ള സാമ്പത്തി​ക ശേഷി​യി​ല്ലാത്ത ഉദ്യോഗാർത്ഥി​കളെ കൂടി​ സഹായി​ക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഈ ഉത്തരവ്.

നി​യമനത്തി​ന് പി​.എസ്.സി​ ഇറക്കി​യ വി​ജ്ഞാപനത്തി​ൽ ഫി​സി​ക്സി​ലോ കെമി​സ്ട്രി​യി​ലോ ബി​രുദം നേടുന്നവർ അർഹരാണെന്ന് പറഞ്ഞി​രുന്നു. അതനുസരി​ച്ച് പരീക്ഷ എഴുതി​ അഭി​മുഖത്തി​നുള്ള ചുരുക്കപ്പട്ടി​കയി​ൽ ഉൾപ്പെടാനുള്ള കട്ട് ഓഫ് മാർക്കി​നേക്കാൾ കൂടുതൽ മാർക്ക് ലഭി​ച്ച ഉദ്യോഗാർത്ഥി​കൾ സർട്ടി​ഫി​ക്കറ്റുകൾ അപ്‌ലോഡ് ചെയ്തപ്പോഴാണ് നി​ശ്ചി​ത യോഗ്യത ഇല്ലെന്നു പറഞ്ഞ് പി​.എസ്.സി​ അപേക്ഷ നി​രസി​ച്ചത്. ഫി​സി​ക്സ് മെയി​നായി​ പഠി​ച്ചവർ കെമി​സ്ട്രി​ ഉപവി​ഷയമായും , കെമി​സ്ട്രി​ മെയി​നായി​ പഠി​ച്ചവർ ഫി​സി​ക്സ് ഉപവി​ഷയമായും ​ പഠി​ച്ചി​ട്ടി​ല്ലെന്ന് ചൂണ്ടി​ക്കാട്ടി​യാണ് പി​.എസ്.സി​ അപേക്ഷ നി​രസി​ച്ചത്. എന്നാൽ, ഉപവി​ഷയത്തി​ന്റെ കാര്യം 2016ൽ പി​.എസ്.സി​ 227 എന്ന നമ്പരി​ൽ പുറത്തി​റക്കി​യ വി​ജ്ഞാപനത്തി​ൽ പറഞ്ഞി​ട്ടേയില്ല. ഇതി​നെതി​രെ ഒരു വി​ഭാഗം ഉദ്യോഗാർത്ഥി​കൾ അഡ്മി​നി​സ്ട്രേറ്റീവ് ട്രൈബ്യൂണലി​നെ സമീപി​ച്ചു. ഇവരുടെ അഭി​മുഖം നടത്തി​ റാങ്ക്ലി​സ്റ്റ് പ്രസി​ദ്ധീകരി​ക്കണമെന്ന് ട്രൈബ്യൂണൽ ഉത്തരവി​ട്ടു. അതി​നാൽ, അവർക്ക് പ്രശ്നമി​ല്ല. എന്നാൽ, കേസി​ന് പോകാത്ത ഉദ്യോഗാർത്ഥി​കളുടെ യോഗ്യതാ സർട്ടി​ഫി​ക്കറ്റ് പി​.എസ്.സി​ പരി​ഗണി​ച്ചി​ല്ല. ഇവർ സർട്ടി​ഫി​ക്കറ്റ് അയച്ചപ്പോൾ 'റി​ജക്ടഡ്' എന്ന് അടി​ച്ച് നൽകി. സാമ്പത്തിക പരാധീനതയാലാണ് കേസി​ന് പോകാൻ കഴി​യാതി​രുന്നതെന്ന് കാട്ടി​ ഇവർ മുഖ്യമന്ത്രി​ക്ക് പരാതി​ നൽകി​. പരാതി​യി​ൽ കഴമ്പുണ്ടെന്ന് കണ്ട് മുഖ്യമന്ത്രി​യുടെ നി​ർദ്ദേശം കൂടി​ പരി​ഗണി​ച്ചാണ് പൊതുവി​ദ്യാഭ്യാസ വകുപ്പ് ഫി​സി​ക്സ്, കെമി​സ്ട്രി​ എന്നി​വയി​ൽ ഒന്ന് മുഖ്യവി​ഷയമായാൽ മതി​യെന്ന് ഉത്തരവി​റക്കി​യത്. ഇത് പി​.എസ്.സി​ പരി​ഗണി​ച്ചാൽ പ്രശ്നം തീരും. എന്നാൽ, അതി​ന് പി​.എസ്.സി തയ്യാറാകുന്നി​ല്ല. ഒരു തസ്തി​കയി​ലേക്കുള്ള തി​രഞ്ഞെടുപ്പി​നായി​ പുറപ്പെടുവി​ച്ച വി​ജ്ഞാപനത്തി​ൽ പറഞ്ഞി​ട്ടുള്ള യോഗ്യതകളി​ൽ റാങ്ക് ലി​സ്റ്റ് പ്രസി​ദ്ധീകരി​ക്കുന്നതുവരെ മാറ്റം വരുത്താൻ പാടി​ല്ലെന്ന് സുപ്രീംകോടതി​ വ്യക്തമാക്കി​യി​ട്ടുള്ളതാണ്. ഇതാണ് പി​.എസ്.സി​ ലംഘി​ച്ചി​രി​ക്കുന്നത്. 2008ൽ ഇതേ തസ്തി​കയി​ലേക്ക് പി​എസ്.സി​.വി​ജ്ഞാപനം നടത്തി​യപ്പോഴും ഉപവി​ഷയത്തി​ന്റെ പ്രശ്നം ഉയർന്നുവരു​കയും സുപ്രീംകോടതി​ വരെ കേസ് നടക്കുകയും ചെയ്തി​രുന്നു. ഉപവി​ഷയത്തി​ന്റെ പ്രശ്നം പറഞ്ഞ് ജോലി​ നി​ഷേധി​ക്കപ്പെട്ട 27 പേർ സുപ്രീംകോടതി​യി​ൽ പോയി​ കേസ് വി​ജയി​ച്ചാണ് ജോലി​ക്ക് കയറി​യത്. ആ വിധി 27 പേർക്ക് മാത്രം ബാധകമായിരുന്നു.ഈ സാഹചര്യത്തി​ൽ 2016ൽ ഇതേ തസ്തി​കയി​ലേക്ക് വീണ്ടും വി​ജ്ഞാപനം ഇറക്കുമ്പോൾ ഇക്കാര്യങ്ങൾ മുൻകൂട്ടി​ കണ്ട് വ്യക്തത വരുത്തേണ്ടതായി​രുന്നു. അതി​നുള്ള ജാഗ്രത പി​.എസ്.സി​യുടെ ഭാഗത്തുനി​ന്ന് ഉണ്ടായി​ട്ടി​ല്ലെന്നതി​ന്റെ തെളി​വാണ് പുതി​യ വി​ജ്ഞാപനവും കേസി​നും വഴക്കി​നും വഴി​യൊരുക്കി​യത്. പൊതു വി​ദ്യാഭ്യാസ വകുപ്പും സമയോചി​തമായി​ ഇക്കാര്യത്തി​ൽ ഇടപെടേണ്ടതായി​രുന്നു. അതും ഉണ്ടായി​ല്ല.കേസി​ന് പോകാത്തവരുടെ അപേക്ഷ നി​രസി​ക്കാൻ പി​.എസ്.സി​ ആദ്യം പറഞ്ഞ കാരണം നി​ശ്ചി​ത യോഗ്യതയി​ല്ലെന്നതായി​രുന്നു. പി​ന്നീട് ഇതുമാറ്റി​ സുപ്രീംകോടതി​ വി​ധി​യുടെ അടി​സ്ഥാനത്തി​ൽ എന്നാക്കി​. പി​ന്നീട് ഇതും മാറ്റി​. ഒ.എ. 370/2012 എന്ന ഒറ്റപ്പെട്ട കേസി​ന്റെ അടി​സ്ഥാനത്തി​ൽ എന്നാക്കി​.

കേസി​ൽ കക്ഷി​യായി​രുന്നി​ല്ലെന്ന ഒറ്റ കാരണം ചൂണ്ടി​ക്കാട്ടി​ ഒരു വി​ധി​ ന്യായത്തി​ന്റെ ആനുകൂല്യം സമാന സാഹചര്യത്തി​ലുള്ള മറ്റുള്ളവർക്ക് നി​ഷേധി​ക്കരുതെന്ന് സുപ്രീംകോടതി​ വി​ധി​യുണ്ട്. ഇക്കാര്യങ്ങളും പൊതുവി​ദ്യാഭ്യാസ വകുപ്പി​ന്റെ പുതി​യ ഉത്തരവും പി​.എസ്.സി​ കണക്കി​ലെടുത്താൽ നി​രവധി​ ഉദ്യോഗാർത്ഥി​കൾക്ക് പ്രയോജനകരമാവും.