നെഹ്റു മ്യൂസിയം: കേന്ദ്ര നടപടി പ്രതിഷേധാർഹം: ഹസൻ

Friday 08 November 2019 12:44 AM IST

തിരുവനന്തപുരം: ഡൽഹിയിലെ നെഹ്റു സ്മാരക മ്യൂസിയം കമ്മിറ്റി പിരിച്ചുവിട്ട് അതിനെ രാഷ്ട്രീയവത്ക്കരിച്ച കേന്ദ്രസർക്കാരിന്റെ നടപടിയിൽ കെ.പി.സി.സി പ്രസിഡന്റ് മുൻ എം.എം.ഹസ്സൻ ശക്തമായി പ്രതിഷേധിച്ചു.പ്രഥമ പ്രധാനമന്ത്രിയും രാഷ്ട്രശില്പിയുമായ പണ്ഡിറ്റ് ജവഹാർലാൽ നെഹ്രുവിന്റെ ഔദ്യോഗിക വസതിയായിരുന്ന ഡൽഹിയിലെ തീൻമൂർത്തി ഭവനാണ് നെഹ്റു മ്യൂസിയവും പ്ലാനറ്റോറിയവുമാക്കിയത്. പ്രധാനമന്ത്രി അദ്ധ്യക്ഷനായ കമ്മിറ്റിയിൽ നിന്ന് നെഹ്റുവിന്റെ ആശയാദർശങ്ങൾ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസുകാരെയും സാമൂഹ്യ, സാംസ്കാരിക നേതാക്കളേയും നേരത്തേ പുറത്താക്കിയതിന് പുറമെ ഇപ്പോൾ സമിതിയിൽ അംഗങ്ങളായ മല്ലികാർജുൻ ഖാർഗെ, ജയറാം രമേശ്, കരൺ സിങ് എന്നിവരെ പുറത്താക്കി അമിത് ഷാ ഉൾപ്പടെയുള്ള കേന്ദ്രമന്ത്രിമാരെയും ആർ.എസ്.എസിന്റെ പ്രമുഖ നേതാക്കളേയും ഉൾപ്പെടുത്തി . നാഗ്പൂരിലെ ആർ.എസ്.എസിന്റെ കേന്ദ്രം പോലെ നെഹ്റു മ്യൂസിയത്തെ മാറ്റാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നടപടിയെന്ന് ഹസ്സൻ പറഞ്ഞു.നെഹ്റു സ്മാരകത്തെ രാഷ്ട്രീയവത്ക്കരിക്കാനും നെഹ്റു സ്മരണകളെ തകർക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ നാളെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സായാഹ്ന ധർണ്ണ സംഘടിപ്പിക്കുമെന്ന് നെഹ്റു സെന്ററർ ജനറൽ സെക്രട്ടറി എം.ആർ.തമ്പാൻ അറിയിച്ചു.