ഫിക്സഡ് ഡെപ്പോസിറ്റിട്ട്  പലിശ വാങ്ങി ജീവിക്കേണ്ട, സ്ഥിര നിക്ഷേപങ്ങൾക്ക് വീണ്ടും പലിശ വെട്ടിക്കുറച്ചു

Friday 08 November 2019 12:42 PM IST

കൊച്ചി : റിപ്പോ നിരക്ക് തുടർച്ചയായി കുറച്ചുകൊണ്ടു വരുന്ന റിസർവ് ബാങ്ക്് നടപടിയുടെ തുടർച്ചയെന്നോണം സ്ഥിര നിക്ഷേപങ്ങളുടെ പലിശ വീണ്ടും വെട്ടിക്കുറയ്ക്കാൻ രാജ്യത്തെ വലിയ ബാങ്കായ എസ്.ബി.ഐ തീരുമാനിച്ചു. ഇതോടെ സ്ഥിര നിക്ഷേപങ്ങൾക്ക് ഇനിമുതൽ കൂടിയ പലിശ 6.25 ശതമാനം മാത്രമായി. ഈ വർഷം റിപ്പോ നിരക്ക് 135 ബേസിസ് പോയന്റ് വരെ കുറച്ചതിനെതുടർന്ന് രാജ്യത്തെ ബാങ്കുകൾ സ്ഥിരനിക്ഷേപത്തിനുള്ള പലിശ ഗണ്യമായി വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായത്. ഫിക്സഡ് ഡെപ്പോസിറ്റിൽ നിന്നും ലഭിക്കുന്ന പലിശ ഉപയോഗിച്ച് ജീവിക്കുന്ന നിരവധി ആളുകളെ നേരിട്ടു ബാധിക്കുന്നതാണ് ഈ നടപടി. പുതിയ പലിശ നിരക്കുകൾ നവംബർ പത്തുമുതൽ നടപ്പിൽ വരും. മുതിർന്ന പൗരൻമാർക്ക് അര ശതമാനത്തോളം അധികം പലിശ ലഭിക്കും. നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചതിനൊപ്പം ബാങ്ക് വായ്പയുടെ പലിശ നിരക്കും കുറച്ചിട്ടുണ്ട്.

പുതുക്കിയ പലിശപ്രകാരം ഏഴ് ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപങ്ങൾക്ക് നാലര ശതമാനവും, ഒരു വർഷം മുതൽ മുകളിലോട്ടുള്ള നിക്ഷേപങ്ങൾക്ക് 6.25 ശതമാനവും പലിശ ലഭിക്കും.