വിനായകന് കുരുക്ക് മുറുകുന്നു, ഒത്തു തീർപ്പിനില്ലെന്ന് വ്യക്തമാക്കി യുവതി
കൽപ്പറ്റ: ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്ന നടൻ വിനായകനെതിരായ പരാതിയിൽ ഉറച്ചു നിൽക്കുന്നുവെന്ന് ദലിത് ആക്ടിവിസ്റ്റായ പരാതിക്കാരി. ഒത്തു തീർപ്പിന് തയ്യാറല്ലെന്നും നിയമപരമായി മുന്നോട്ടുപോകുമെന്നും യുവതി വ്യക്തമാക്കി. പരാതിയിൽ ഉറച്ചു നിൽക്കുന്നതുകൊണ്ട് തന്നെ ഒറ്റപ്പെടുത്തിയെന്നും, സോഷ്യൽ മീഡിയ വഴി ഒരു വിഭാഗം ആളുകൾ അപമാനിച്ചെന്നും പരാതിക്കാരി പറഞ്ഞു.
വിനായകൻ ഒത്തു തീർപ്പിന് ശ്രമിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. യുവതിയുടെ പരാതിയിൽ ഐ.പി.സി 506, 294 ബി, കെ.പി.എ 120, എന്നീ വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിരിക്കുന്നത്. നടനെതിരെ കേസെടുത്ത പൊലീസ്, അശ്ലീല ചുവയോടെ സംസാരിച്ചു, സ്ത്രീത്വത്തെ അധിക്ഷേപിക്കുംവിധം സംസാരിച്ചു തുടങ്ങി പരമാവധി ഒരു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മൂന്ന് കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്.
അതേസമയം, ഫോണിലൂടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന് വിനായകൻ സമ്മതിച്ചെന്ന് കൽപ്പറ്റ സി.ജെ.എം കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. നേരത്തെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെത്തി വിനായകന്‍ ജാമ്യമെടുത്തതിനെ തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചരുന്നു. പരാതിക്കാരിയെ ഫോണിൽ വിളിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുതെന്ന ഉപാധിയിലാണ് ജാമ്യം. ഫോണിലൂടെയുള്ള സംഭാഷണമായതിനാൽ സൈബർ തെളിവുകളടക്കം ശേഖരിച്ച് സ്ഥിരീകരിച്ചതിനുശേഷമാണ് പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്. അടുത്തമാസം കേസിന്റെ വിചാരണ ആരംഭിക്കുമെന്നാണ് സൂചന.