ജി.ഡി.പി വളർച്ചയിൽ ഇടിവ്, ഇന്ത്യയ്ക്ക് നെഗറ്രീവ് റേറ്രിംഗുമായി മൂഡീസ്
കൊച്ചി: രാജ്യാന്തര റേറ്രിംഗ് ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്റർ സർവീസ് ഇന്ത്യയുടെ റേറ്രിംഗ് 'സ്ഥിരത"യിൽ നിന്ന് 'നെഗറ്രീവിലേക്ക്" താഴ്‌ത്തി. റേറ്റിംഗ് ഏജൻസികൾ കേന്ദ്രസർക്കാരിന് നൽകുന്ന റേറ്രിംഗാണ് രാജ്യത്തിന്റെ റേറ്രിംഗായി വ്യാഖ്യാനിക്കുന്നത്.
ഇന്ത്യയുടെ ജി.ഡി.പി വളർച്ചായിടിവ് കണക്കിലെടുത്താണ് മൂഡീസ് റേറ്രിംഗ് താഴ്‌ത്തിയത്. നടപ്പുവർഷം ഏപ്രിൽ-ജൂണിൽ വളർച്ച അഞ്ചു ശതമാനമായിരുന്നു. 2013ന് ശേഷമുള്ള ഏറ്റവും മോശം വളർച്ചയാണിത്. ഇന്ത്യയിലെ 21 പ്രമുഖ കമ്പനികളുടെയും റേറ്രിംഗ് മൂഡീസ് കുറച്ചിട്ടുണ്ട്. എസ്.ബി.ഐ., ടി.സി.എസ്., ഇൻഫോസിസ്, ഗെയിൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, ബി.പി.സി.എൽ., എൻ.ടി.പി.സി തുടങ്ങിയവയുടെ റേറ്രിംഗാണ് താഴ്‌ത്തിയത്.
അതേസമയം, ഇന്ത്യ ഇപ്പോഴും ലോകത്തെ ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌ശക്തികളിൽ ഒന്നാണെന്നും വളർച്ച മെച്ചപ്പെടുത്താനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും ധനമന്ത്രാലയം പ്രതികരിച്ചു.
ഓഹരികളിൽ ഇടിവ്
റേറ്റിംഗ് വെട്ടിക്കുറച്ച മൂഡിസിന്റെ നടപടി ഇന്നലെ ഓഹരി വിപണിയെ നഷ്‌ടത്തിലാഴ്‌ത്തി. റെക്കാഡ് കുതിപ്പിന് വിരാമമിട്ട് സെൻസെക്‌സ് ഇന്നലെ 330 പോയിന്റ് ഇടിവുമായി 40,323ലാണ് വ്യാപാരം പൂർത്തിയാക്കിയത്. 103 പോയിന്റ് ഇടിഞ്ഞ് 11,908ലാണ് നിഫ്‌റ്രി.