റിസോർട്ടിലെ കൊലപാതകം: റിജോഷിനെ കൊന്നത് കഴുത്ത് ഞെരിച്ച് , പ്രതി വസീമിന്റെ സഹോദരൻ ഫഹദ് അറസ്റ്റിൽ
ഇടുക്കി: റിസോർട്ട് ജീവനക്കാരൻ ശാന്തമ്പാറ പുത്തടി മുല്ലൂർ റിജോഷിനെ കൊലപ്പെടുത്തിയത് കഴുത്ത് ഞെരിച്ചെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
ഒരാഴ്ച മുമ്പ് കാണാതായ റിജോഷിന്റെ (31) മൃതദേഹം കഴുതക്കുളം മേട്ടിൽ റിസോർട്ടിന് സമീപം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. കയറോ, തുണിയോ ഉപയോഗിച്ചാണ് കഴുത്തുഞെരിച്ചത്. കൊലപ്പെടുത്തുന്ന സമയത്ത് റിജോഷ് അബോധാവസ്ഥയിലായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. ശരീരത്തിൽ മറ്റ് മുറിവുകളോ പരിക്കുകളോ ഇല്ല. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കം. .മദ്യപാന ശീലമുള്ള റിജോഷിന് മദ്യമോ ഉറക്കഗുളികയോ നൽകി അബോധാവസ്ഥയിലാക്കിയതിന് ശേഷമാകാം കൊലപാതം നടത്തിയതെന്നാണ് നിഗമനം. സംഭവവത്തെ തുടർന്ന്, റിജോഷിന്റെ ഭാര്യ ലിജി (29), രണ്ടു വയസുള്ള മകൾ, റിസോർട്ട് മാനേജറും റിജോഷിന്റെ സുഹൃത്തുമായഇരിങ്ങാലക്കുട കോണാട്ടുകുന്ന് കുഴിക്കണ്ടത്തിൽ വസിം (31) എന്നിവർ ഒളിവിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതി വസാമിന്റെ സഹോദരൻ ഫഹദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനായി വിളിപ്പിച്ച ഫഹദിനെ വിട്ടയച്ചിരുന്നില്ല. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റിജോഷിനെ കാണാതായെന്ന് ബന്ധുക്കൾ പരാതി നൽകിയതിന് ശേഷം തൃശൂരിൽ നിന്നും റിജോഷ് വിളിച്ചിരുന്നതായി ലിജി പൊലീസിന് മൊഴിനൽകിയിരുന്നു. തെളിവായി ലിജിയെ വിളിച്ച നമ്പർ പൊലീസിന് നൽകുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് അന്വേഷണം നടത്തിയപ്പോൾ ഫോണിന്റെ ഉടമ പ്രതി വസീമിന്റെ സഹോദരൻ ഫഹദാണെന്ന് കണ്ടെത്തി. തന്റെ ഫോണിൽ നിന്ന് റിജോഷ് വീട്ടിലേയ്ക് വിളിച്ചിരുന്നതായി ഇയാൾ പൊലീസിനോട് പറഞ്ഞു. ഇയാൾ പൊലീസിനെ തെറ്റിധരിപ്പിച്ചതായി ബോദ്ധ്യപ്പെട്ടതോടെയാണ് അറസ്റ്റ് .
കൊലപാതം നടത്തി കടന്നുകളഞ്ഞ പ്രതി വസാമിനും റിജോഷിന്റെ ഭാര്യ ലിജിക്കും വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.