വെട്ടേറ്റ് വീട്ടമ്മ മരിച്ചു, ഭർത്താവ് തൂങ്ങിമരിച്ച നിലയിൽ
മലയാലപ്പുഴ: കഴുത്തിൽ വെട്ടേറ്റ് കൊല്ലപ്പെട്ട നിലയിൽ വീട്ടമ്മയെയും തൂങ്ങിമരിച്ച നിലയിൽ ഭർത്താവിനെയും വീട്ടിൽ കണ്ടെത്തി. മലയാലപ്പുഴ താഴത്ത് നക്കര വെള്ളാവൂർ ഹരി (55), ഭാര്യ ലളിത (48) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഹരി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കോടാലി കൊണ്ടാണ് ലളിതയ്ക്ക് വെട്ടേറ്റത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: സംസ്കാര ചടങ്ങുകൾക്കും മറ്റും കാർമ്മികനായിരുന്നു ഹരി. ലളിത മലയാലപ്പുഴ ഗ്രാമീൺ ബാങ്കിലെ സ്വീപ്പറാണ്. ഇരുവരും തമ്മിൽ കലഹം പതിവായിരുന്നു. സംഭവ ദിവസം ഇരുവരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
ഇന്നലെ രാവിലെ ഇവരുടെ വീട്ടുവളപ്പിലെ കിണറ്റിൽ നിന്ന് വെള്ളംകോരാൻ സമീപവാസികളെത്തിയപ്പോൾ തൊട്ടിയിൽ കയർ കണ്ടില്ല. ഏറെനേരം കഴിഞ്ഞിട്ടും വീടിന്റെ കതകും ജനലും തുറക്കാതെ വന്നപ്പോൾ ഇളയ മകൻ ഗിരീഷിനെ വിവരമറിയിച്ചു. കറുകച്ചാലിലെ ഭാരത് ഫിനാൻസിലെ ജീവനക്കാരനായ ഗിരീഷിന്റെ താമസം അവിടെയാണ്. ഗിരീഷ് മാതാപിതാക്കളുടെ ഫോണിൽ പലതവണ വിളിച്ചിട്ടും പ്രതികരണമുണ്ടായില്ല. സംശയംതോന്നിയ അയൽക്കാർ ജനൽ തുറന്നു നോക്കിയപ്പോൾ സ്വീകരണ മുറിയിൽ തൂങ്ങിനിൽക്കുന്ന ഹരിയെ കണ്ടു. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. പൊലീസെത്തിയാണ് വീട് തുറന്നത്.
കിടപ്പുമുറിയിലായിരുന്നു ലതയുടെ മൃതദേഹം. സമീപം കോടാലിയും കിടപ്പുണ്ടായിരുന്നു. കിണറിന്റെ തൊട്ടിയിലെ കയറിലാണ് ഹരി തൂങ്ങിയത്. ആത്മഹത്യാകുറിപ്പും കണ്ടെത്തി. ലളിതയ്ക്ക് ഒരു യുവാവുമായി അവിഹിത ബന്ധമുണ്ടെന്ന് ഹരി ഇതിൽ ആരോപിക്കുന്നു. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹരീഷാണ് (ആർമി) മറ്റൊരു മകൻ.