മയക്കുമരുന്നു വീരന്മാർ ഉമിനീരിൽ കുടുങ്ങും, അബോൺ പരിശോധനാ കിറ്റ് വാങ്ങാൻ എക്സൈസ്

Friday 08 November 2019 11:14 PM IST
അബോൺ കിറ്റ്

തിരുവനന്തപുരം: ഒറ്റ പെഗ്ഗ് അടിച്ച് വണ്ടിയോടിച്ചാലും പൊലീസ് ഊതിച്ചാൽ പിടിവീഴും. ഈ പൊല്ലാപ്പ് ഇല്ലാത്തതാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന വിദ്വാന്മാർക്ക് രക്ഷ. ഊതിപ്പിച്ച് അവരെ പിടികൂടാനാവില്ല. ഇനി ഇക്കൂട്ടരെയും പിടിക്കാനാണ് എക്സൈസ് വകുപ്പിന്റെ നീക്കം. അതിനായി 'അബോൺ കിറ്റ് ' ഉപയോഗിച്ചുള്ള പരിശോധന താമസിയാതെ തുടങ്ങും. മരുന്നടിക്കാരുടെ മൂത്രമോ ഉമിനീരോ പരിശോധിച്ച് ലഹരി വസ്തു ഏതെന്നും എത്ര അളവിലെന്നും അറിയാം. ഒറ്റത്തവണ ഉപയോഗിക്കുന്ന കിറ്റിന് 500 രൂപയാണ് വില.

അബോൺ കമ്പനിയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള മൾട്ടി ഡ്രഗ് ടെസ്റ്റിംഗ് കിറ്റിന് പതിനഞ്ച് മയക്കു മരുന്നുകൾ കണ്ടെത്താൻ കഴിയും. ഉമിനീരിൽ നിന്ന് ലഹരി വസ്തു കണ്ടെത്താനുള്ള കിറ്റാവും ആദ്യം വാങ്ങുക. ഇതിന് ഒരു കോടി 67 ലക്ഷം രൂപയുടെ ശുപാർശയാണ് വകുപ്പ് സർക്കാരിന് നൽകിയിട്ടുള്ളത്. ഈ ആവശ്യം നടപ്പാക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ഗുജറാത്തിലെ വഡോദര പൊലീസാണ് ആദ്യമായി ഈ കിറ്റ് ഉപയോഗിച്ചത്. പിന്നീട് തമിഴ്നാടും കർണാടകയും ഉപയോഗിച്ചു തുടങ്ങി. കേരള പൊലീസും 14 ജില്ലകളിലേക്കായി 1400 കിറ്റുകൾ വാങ്ങിയിരുന്നു.

ഉപയോഗരീതി

മയക്കുമരുന്ന് ഉപയോഗിച്ചെന്ന് സംശയിക്കുന്ന ആളുടെ ഉമിനീരിന്റെയോ മൂത്രത്തിന്റെയോ സാമ്പിൾ ഈ കിറ്റിലേക്ക് വീഴ്‌ത്തും. പത്ത് സെക്കൻഡിനുള്ളിൽ ഫലമറിയാം.

''ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് ഈ രീതി ആലോചിക്കുന്നത്. വേഗത്തിൽ ലഹരി വസ്തു കണ്ടെത്താമെന്നതാണ് നേട്ടം''

സാം ക്രിസ്റ്റി ഡാനിയൽ,

അഡി. എക്സൈസ് കമ്മിഷണർ (എൻഫോഴ്സ്‌മെന്റ്)