അയോദ്ധ്യ വിധി: പടക്കം പൊട്ടിച്ച് ആഹ്ലാദ പ്രകടനം നടത്തിയ തൃശൂർ സ്വദേശി അറസ്റ്റിൽ
തൃശൂർ: അയോദ്ധ്യ വിധി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ പടക്കം പൊട്ടിച്ച യുവാവ് അറസ്റ്റിൽ. തൃശൂർ ശ്രീനാരായണപുരത്തെ വെമ്പല്ലൂർ കോളനിപ്പടിയിൽ ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. ബൈക്കിലെത്തിയ രണ്ടുപേർ പടക്കം പൊട്ടിക്കുകയായിരുന്നു. ഇവരിലൊരാളാണ് മതിലകം പൊലീസിന്റെ പിടിയിലായത്.
അയോദ്ധ്യ വിധിയുമായി ബന്ധപ്പെട്ട് ആഹ്ലാദ പ്രകടനമോ മതസ്‌പർധ വളർത്തുന്ന മറ്റ് പരിപാടികളോ പ്രകടനങ്ങളോ പാടില്ലെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. കഴിഞ്ഞദിവസം ശ്രീരാമ ജന്മഭൂമിക്ക് നീതിയെന്ന് പ്രദേശിക ഭാഷയിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ട മഹാരാഷ്ട്രയിലെ സഞ്ജയ് രാമേശ്വർ ശർമയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ശ്രീരാമ ജന്മഭൂമിക്ക് നീതി ലഭിച്ച ശേഷം മാത്രമേ ദീപാവലി ആഘോഷിക്കുകയുള്ളുവെന്നും, ചരിത്രത്തിലെ കറുത്ത കല ഇത് നീക്കം ചെയ്യുമെന്നുമായിരുന്നു അമ്പത്തിയാറുകാരനായ സഞ്ജയ് രാമേശ്വർ ഫേസ്ബുക്കിൽ കുറിച്ചത്. ഐ.പി.സിയുടെ 153(1)(B), 188 വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ന് രാവിലെ 10.30 നായിരുന്നു ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് അയോദ്ധ്യകേസിൽ വിധി പുറപ്പെടുവിച്ചത്. അയോദ്ധ്യയിലെ തർക്ക ഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്ത് അവിടെ രാമക്ഷേത്രം പണിയണമെന്നാണ് കോടതി ഉത്തരവ്. പകരം മുസ്‌ലിങ്ങൾക്ക് അയോദ്ധ്യയിൽ തന്നെ അവർ പറയുന്ന സ്ഥലത്ത് അഞ്ചേക്കർ നൽകണമെന്നും വിധിച്ചു.