ജനങ്ങളെ ശത്രുവായി കാണുന്ന പൊലീസിന്റെ സമീപനം ശരിയല്ല,​ മടിയും ഭയവും ഇല്ലാതെ സ്റ്റേഷനിൽ കടന്നുചെല്ലാനാകണമെന്ന് മുഖ്യമന്ത്രി

Sunday 10 November 2019 2:18 PM IST

തൃശൂർ: ജനങ്ങളെ ശത്രുവായി കാണുന്ന പൊലീസിന്റെ സമീപനം ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മടിയും ഭയവുമില്ലാതെ പൊലീസ് സ്റ്റേഷനിൽ കടന്നുചെല്ലാനും പരാതി ബോധിപ്പിക്കാനും ഏതു വ്യക്തിക്കും കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസ് സേനയിൽ നേരിട്ട് സബ് ഇൻസ്പെക്ടർമാരായി നിയോഗിക്കപ്പെടുന്ന വനിതകൾ ഉൾപ്പെട്ട ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങളെ ശത്രുവായി കാണുന്ന സമീപനം ശരിയല്ല. പണ്ടൊക്കെ ചില എസ്.ഐമാർ പുതിയൊരു സ്ഥലത്തേക്കു ചെന്നാൽ സ്വീകരിക്കുന്നൊരു നയമുണ്ട്. അനാവശ്യമായി ആളുകളുടെ മെക്കിട്ടു കയറുക, കലുങ്കിലിരിക്കുന്ന ചെറുപ്പക്കാരെ തല്ലിയോടിക്കുക തുടങ്ങിയ ഏർപ്പാടുകൾ. പുതിയൊരു എസ്.ഐ വന്നിരിക്കുന്നുവെന്ന് നാട്ടുകാരെ അറിയ‍ിക്കാനാണിത്. ഈ കാര്യങ്ങളുടെ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.