യു.എ.പി.എ അറസ്റ്റ്: പ്രതിയുടെ ലാപ്‌ടോപ്പിൽ നിന്ന് നിർണായക തെളിവുകൾ

Monday 11 November 2019 10:12 AM IST

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത താഹ ഫസലിന്റെ ലാപ്ടോപ്പിൽ നിന്ന് മാവോവാദി ബന്ധം സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചു. മാവോവാദി അനുകൂല പരിപാടികളുടെ ഫോട്ടോകളും, മാവോവാദി ഭരണഘടനയുമാണ് ലാപ്‌ടോപ്പിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയത്.

നവംബർ ഒന്നിനാണ് അലൻ ഷുഹൈബിനെയും,​ താഹ ഫസലിനെയും പന്തീരാങ്കാവ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരോധിക്കപ്പെട്ട മാവോയിസ്റ്റ് സംഘടനയുടെ കേന്ദ്രകമ്മിറ്റി പ്രസിദ്ധീകരിച്ച പുസ്തകവും ലഘുലേഖകളുമടക്കം പിടിച്ചെടുത്തതിനെത്തുടർന്നാണ് പൊലീസ് യു.എ.പി.എ ചുമത്തിയത്.

അതേസമയം, ഇവർക്കെതിരെ യു.എ.പി.എ ചുമത്തിയതിനെ രൂക്ഷമായി വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരുന്നു. എന്നാൽ അപ്പോഴൊക്കെ പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന് പൊലീസ് ഉറപ്പിച്ച് പറഞ്ഞിരുന്നു. അന്വേഷണസംഘത്തിന്റെ വാദത്തെ സാധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.

ഡിജിറ്റൽ തെളിവുകൾ ലഭിച്ചതോടെ കസ്റ്റഡി അപേക്ഷയ്ക്കൊപ്പം അതുകൂടി കോടതിയിൽ സമർപ്പിക്കും അതേസമയം,​ പ്രതികളുടെ കൂട്ടത്തിലുള്ള മൂന്നാമനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല. ഇയാളെ കണ്ടെത്താൻ അലനെയും താഹയേയും കൂടുതൽ ചോദ്യം ചെയ്യേണ്ട ആവശ്യമുണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിക്കും.