കെ.പി.സി.സിക്ക് 'മഹാ ജംബോ' സമിതി ;പ്രഖ്യാപനം നീളുന്നു

Tuesday 12 November 2019 12:23 AM IST

തിരുവനന്തപുരം: കെ.പി.സി.സിക്ക് നാല് വർക്കിംഗ് പ്രസിഡന്റുമാരും പത്ത് വൈസ് പ്രസിഡന്റുമാരും 30 ജനറൽ സെക്രട്ടറിമാരും വരുമെന്ന് സൂചന. മഹാരാഷ്ട്രയിലെ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട തിരക്കിട്ട കൂടിയാലോചനകളിലേക്ക് ഹൈക്കമാൻഡ് മാറിയ സാഹചര്യത്തിൽ, പട്ടിക പ്രഖ്യാപനം ഏതാനും ദിവസങ്ങൾക്കകം ഉണ്ടായേക്കും.

മൊത്തം നൂറോ അതിനടുത്തോ പേർ ഭാരവാഹിപ്പട്ടികയിൽ ഇടം പിടിക്കുമെന്നുറപ്പായി. ജംബോ പട്ടിക ഉണ്ടാവില്ലെന്ന് തുടക്കത്തിലേ പ്രഖ്യാപിച്ച കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന് ഇത് തിരിച്ചടിയാണ് . ഒരാൾക്ക് ഒരു പദവി മാനദണ്ഡവും പാലിക്കപ്പെട്ടില്ല. മുല്ലപ്പള്ളിയുടെ വിശ്വസ്തനായ കെ.കെ. കൊച്ചുമുഹമ്മദ് ട്രഷററാകും. ഭാരവാഹി പട്ടികയ്ക്ക് യുവത്വം നൽകാനുള്ള ശ്രമവും നടന്നിട്ടില്ല. വർക്കിംഗ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ്, ജനറൽസെക്രട്ടറി പദവികളിൽ യുവാക്കളെന്ന് പറയാൻ രണ്ട് പേരേ സാദ്ധ്യതാ പട്ടികയിലുള്ളൂ.. ജനറൽസെക്രട്ടറി പട്ടികയിലുൾപ്പെട്ട സി.ആർ. മഹേഷും വി.എസ്. ജോയിയും. 50ന് മേൽ പ്രായമുള്ളവരാണ് ബാക്കി. പലരും അറുപത് കടന്നവരും. എം.പിമാരായ കെ. സുധാകരനും കൊടിക്കുന്നിൽ സുരേഷിനും പുറമേ ഐ ഗ്രൂപ്പിൽ നിന്ന് വി.ഡി. സതീശന്റെയും എ ഗ്രൂപ്പിൽ നിന്ന് തമ്പാനൂർ രവിയുടെയും പേരുകളാണ് വർക്കിംഗ് പ്രസിഡന്റുമാരായി സംസ്ഥാനനേതൃത്വം സമർപ്പിച്ച സാദ്ധ്യതാപട്ടികയിൽ. . വൈസ് പ്രസിഡന്റുമാരായി പത്ത് പേരുണ്ട് . എം.എൽ.എമാരായ വി.എസ്.ശിവകുമാർ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ് എം.പി, കെ. ബാബു, വർക്കല കഹാർ, കെ.പി. ധനപാലൻ, കെ.സി. റോസക്കുട്ടി, ശൂരനാട് രാജശേഖരൻ തുടങ്ങിയവർ ഇതിലുൾപ്പെടും.

15 ജനറൽസെക്രട്ടറിമാർ മതിയെന്ന നിലയിൽ ചർച്ച തുടങ്ങിയ സ്ഥാനത്തിപ്പോൾ സാദ്ധ്യതാപട്ടികയിൽ മാത്രം മുപ്പതിലധികം പേരുണ്ട്. സെക്രട്ടറിമാർ അറുപത് പേരുണ്ടാകുമെന്നാണ് സൂചന. സ്ഥാനമൊഴിഞ്ഞ മുൻ ഡി.സി.സി പ്രസിഡന്റുമാരിൽ പലരെയും ജനറൽ സെക്രട്ടറിമാരുടെ സാദ്ധ്യതാപട്ടികയിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും എത്രപേർ ഇടം നേടുമെന്നുറപ്പില്ല. ഗ്രൂപ്പുകൾക്ക് പുറമേ, വി.എം. സുധീരൻ, കെ. മുരളീധരൻ, പി.സി. ചാക്കോ, കെ.വി. തോമസ്, പി.ജെ. കുര്യൻ തുടങ്ങിയവരുടെയും പട്ടികകളുണ്ട്. സംസ്ഥാനത്ത് നിന്നുള്ള എം.പി എന്ന നിലയിൽ രാഹുൽഗാന്ധി കൂടി അംഗീകരിച്ചേ പട്ടിക പുറത്തു വിടൂ..