ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ടാരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി, വെടിയുണ്ട ലഭിച്ചത് അതീവ സുരക്ഷാ മേഖലയിൽ നിന്നും

Tuesday 12 November 2019 6:43 PM IST

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിലെ നാലമ്പലത്തിനകത്തെ ഭണ്ടാരത്തിൽ നിന്നും വെടിയുണ്ട കണ്ടെത്തി. 9 എം.എം പിസ്റ്റലിന് യോജിച്ച രീതിയിലുള്ള വെടിയുണ്ടയാണ്‌ ഇവിടെ നിന്നും കണ്ടെടുത്തത്. സംഭവത്തിൽ ഗുരുവായൂർ ടെംപിൾ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവിലെ നാലമ്പലത്തിന് മുന്നിലെ രണ്ട് ഭണ്ടാരങ്ങളിലെ നടവരവ് എണ്ണിതിട്ടപ്പെടുത്തുമ്പോഴാണ് വെടിയുണ്ട ദേവസ്വം ജീവനക്കാരുടെ ശ്രദ്ധയിൽ പെട്ടത്. രണ്ട് ഭണ്ടാരങ്ങളിലും ഉണ്ടായിരുന്ന പൈസ ഒരുമിച്ച് പുറത്തെടുത്തതിനാൽ ഏത് ഭണ്ടാരത്തിൽ നിന്നുമാണ് വെടിയുണ്ട കണ്ടത്തിയതെന്ന് മനസ്സിലായിരുന്നില്ല. ഇതിൽ വ്യക്തത വരാനായി ക്ഷേത്രത്തിനകത്തെ സി.സി.ടി.വി. ക്യാമറകൾ അധികൃതർ പരിശോധിക്കുകയുണ്ടായി. അതോടൊപ്പം തന്നെ ദേവസ്വം ജീവനക്കാർ ടെംപിൾ പൊലീസിൽ പരാതി നൽകുകയും ചെയ്തു. മാസത്തിൽ ഒരിക്കലാണ് ക്ഷേത്രത്തിലെ ഭണ്ടാരങ്ങൾ തുറന്ന് നടവരവ് ദേവസ്വം ജീവനക്കാർ എണ്ണുക. ഈ കാരണം കൊണ്ടുതന്നെ കഴിഞ്ഞ ഒരു മാസത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കേണ്ടതായും വരും. അതീവ സുരക്ഷാ മേഖലയായ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് പൊലീസ് പരിശോധനയ്ക്ക് ശേഷമാണ് ഭക്തരെ സാധാരണ കടത്തി വിടാറുള്ളത്. ക്ഷേത്രത്തിലെ എല്ലാ നടയിലും മെറ്റൽ ഡിക്റ്റക്ടറുമുണ്ട്. ഇങ്ങനെയുള്ള സാഹചര്യമുണ്ടായിട്ടും ഭണ്ടാരത്തിൽ നിന്നും വെടിയുണ്ട കണ്ടെടുത്തത് വൻ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.