വായിലൂടെ തലയോട്ടിയിലെത്തിയ വെടിയുണ്ട: അതിസങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി തിരു. മെഡിക്കൽ കോളേജ്

Tuesday 12 November 2019 10:19 PM IST

തിരുവനന്തപുരം: എയർഗണ്ണിൽ നിന്നുമുള്ള വെടിയുണ്ട തലച്ചോറിൽ തുളച്ചുകയറിയ യുവാവിനെ അതിസങ്കീർണവുമായ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചെടുത്ത് കോളേജിലെ ഡോക്ടർമാർ. അബദ്ധത്തിൽ എയർഗണ്ണിൽ നിന്നും വെടിയേറ്റാണ് വർക്കല സ്വദേശിയായ 36കാരൻ അടിയന്തിര ചികിത്സ നേടി മെഡിക്കൽ കോളേജിലേക്ക് എത്തുന്നത്. ഇയാളുടെ വായിലൂടെ പ്രവേശിച്ച വെടിയുണ്ട തലയോട്ടി തുളച്ച് കയറുകയായിരുന്നു. എയർഗൺ തുടച്ച് വൃത്തിയാക്കുമ്പോഴായിരുന്നു വെടി പൊട്ടിയത്. എത്തിയയുടനെ ന്യൂറോസർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച യുവാവിനെ ആശുപത്രിയിലെ അഡീഷണൽ പ്രൊഫസറും സൂപ്രണ്ടുമായ ഡോക്ടർ എം.എസ് ഷർമദിന്റെ നേതൃത്വത്തിൽ ഉടൻ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാകുകയായിരുന്നു. മൂന്നര മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയിൽ മൈക്രോസ്കോപ്പ്, സി-ആം എന്നീ ഉപകാരണങ്ങൾ ഉപയോഗപ്പെടുത്തിയിരുന്നു. ഒടുവില വായിലൂടെ തന്നെ വെടിയുണ്ട ഡോക്ടർമാർ പുറത്തെടുക്കുകയായിരുന്നു. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് രണ്ടാം തവണയാണ് ഇത്തരത്തിൽ അതിസങ്കീർണമായൊരു ശസ്ത്രക്രിയ നടക്കുന്നത്. ഏതാനും ദിവസം മുൻപാണ് ഇരുമ്പ് കമ്പി ശരീരത്തിനുള്ളിൽ കടന്ന ഒരു യുവാവിനെ മെഡിക്കൽ കോളേജിലെ കാർഡിയോ തൊറാസിക് വിഭാഗത്തിലെ ഡോക്ടർമാർ രക്ഷപ്പെടുത്തിയത്.