അനുമതി ലഭിച്ചാലുടൻ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം
കൊച്ചി : പാലാരിവട്ടം ഫ്ളൈഒാവർ അഴിമതിക്കേസിൽ പ്രോസിക്യൂഷൻ അനുമതി ലഭിച്ചാലുടൻ മുൻ പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് കൈക്കൂലി വാങ്ങിയോയെന്ന് അന്വേഷിക്കുമെന്ന് വിജിലൻസ് ഡിവൈ. എസ്.പി ഹൈക്കോടതിയിൽ ബോധിപ്പിച്ചു. നിർമ്മാണകമ്പനിക്ക് മൊബിലൈസേഷൻ അഡ്വാൻസ് നൽകിയത് ക്രമക്കേടാണ്. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന് ഇതിലുള്ള പങ്ക് അന്വേഷിക്കാൻ അഴിമതിനിരോധന നിയമപ്രകാരം അധികൃതരുടെ മുൻകൂർ അനുമതി വേണമെന്നും വിജിലൻസ് ഡിവൈ.എസ്.പി വി. ശ്യാംകുമാർ നൽകിയ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
നോട്ടുനിരോധനം നടപ്പാക്കിയപ്പോൾ പത്തുകോടി രൂപ വെളുപ്പിച്ചെടുത്തെന്നും ഫ്ളൈഒാവർ ഉൾപ്പെടെയുള്ള പദ്ധതികളിൽ നിന്ന് ലഭിച്ച അഴിമതിപ്പണമാണിതെന്നും ആരോപിച്ച് കളമശേരി സ്വദേശി ഗിരീഷ്ബാബു നൽകിയ ഹർജിയിലാണ് വിജിലൻസ് ഇക്കാര്യം വ്യക്തമാക്കിയത്. ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.