ഊരാളുങ്കലിന് രഹസ്യ വിവരം നൽകുന്നെന്ന് പ്രതിപക്ഷം; നിയമസഭയിൽ ഇറങ്ങിപ്പോക്ക്

Thursday 14 November 2019 12:36 AM IST

തിരുവനന്തപുരം: രഹസ്യസ്വഭാവത്തിലുള്ള പൊലീസിന്റെ ഡേറ്റാബേസ് കോഴിക്കോട്ടെ ഊരാളുങ്കൽ ഐ.ടി കമ്പനിക്ക് തുറന്നുകൊടുത്തെന്നും ക്രൈം, ക്രിമിനൽ നെറ്റ്‌വർക്കിൽ കടന്നുകയറി വിവരങ്ങൾ കൈവശപ്പെടുത്താനുള്ള നീക്കമാണെന്നും ആരോപിച്ച് പ്രതിപക്ഷം സഭയിൽ വാക്കൗട്ട് നടത്തി. ഊരാളുങ്കലിന് ഡേറ്റാബേസ് പ്രവേശനം നൽകുകയാണെന്നും ഇത് സംസ്ഥാന സുരക്ഷയെ അപകടത്തിലാക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എന്നാൽ അനാവശ്യ ഭീതി പരത്താനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഡേറ്റ ചോർന്നതായി ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ഊരാളുങ്കലിന് ഡേറ്റ നൽകരുതെന്ന് യുവ ഐ.പി.എസ് ഉദ്യോഗസ്ഥരുടെ സമിതി റിപ്പോർട്ട് നല്കിയത് കണക്കിലെടുക്കാതെയാണ് ആഭ്യന്തരവകുപ്പ് ഇത്തരമൊരു നീക്കം നടത്തിയതെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്കിയ കെ.എസ്. ശബരീനാഥൻ പറഞ്ഞു. ടെൻഡർ പോലും വിളിക്കാതെയാണ് ഈ പദ്ധതി കൈമാറിയത്. കഴിഞ്ഞ മാസം 29 മുതൽ ഡേ​റ്റാ പ്രവേശനത്തിനുള്ള അനുമതി ഊരാളുങ്കലിന് ലഭിച്ചിട്ടുണ്ട്. ഡേ​റ്റാബേസിലേക്ക് സ്വകാര്യ കമ്പനിക്ക് പ്രവേശനം ലഭിക്കുന്നതോടെ കേസുകളിലെ പ്രതികളുടെയും വാദികളുടെയും സാക്ഷികളുടെയും വിവരങ്ങൾ കമ്പനിക്ക് ലഭ്യമാകുമെന്നും ശബരീനാഥൻ ആരോപിച്ചു.

യാതൊരു വിധത്തിലുള്ള സുരക്ഷാപ്രശ്‌നങ്ങളും കരാറിലൂടെ ഉണ്ടാവുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സൈബർ സെക്യൂരി​റ്റി ആഡി​റ്റിംഗ് കൂടി പൂർത്തിയായാൽ മാത്രമേ സോഫ്‌റ്റ്‌വെയർ വിന്യസിക്കാനോ സർക്കാർ ഡേ​റ്റാ സെന്ററിൽ ലഭ്യമാക്കാനോ അനുമതി നൽകുകയുള്ളൂ. ഈ ഘട്ടത്തിൽ ഒരു ആശങ്കയും ആവശ്യമില്ല.

എം.കെ. മുനീർ, മോൻസ് ജോസഫ്, ഒ. രാജഗോപാൽ എന്നിവരും വാക്കൗട്ട് പ്രസംഗം നടത്തി.