കോവളം കവികളുടെ പിൻതലമുറക്കാരി ഗോമതിപ്പിള്ള നിര്യാതയായി
തിരുവനന്തപുരം : കോവളം കവികളുടെ പിൻമുറക്കാരി കോവളം ആവാടുതറ തെക്കേവീട്ടിൽ ഗോമതിപ്പിള്ള അമ്മ (87) മകളുടെ വസതിയായ നേമം സ്റ്റുഡിയോ റോഡ് തമ്പുരാൻ നഗർ 113ൽ ഇന്നലെ പുലർച്ചെ അന്തരിച്ചു.
എഴുത്തച്ഛനു മുമ്പ് ജീവിച്ചിരുന്ന കോവളം കവികളായ അയ്യിപ്പിള്ള ആശാന്റെ രാമകഥ പാട്ടും അയ്യനപിള്ള ആശാന്റെ ഭാരതം പാട്ടും ആലപിക്കുന്നതിലൂടെ പ്രശസ്തയായിരുന്നു. ആറ് കാണ്ഡം വീതമുള്ള രണ്ട് കൃതികളിലുമായി 3163 ശീലുകളിലേറെയും ഗോമതി അമ്മയ്ക്ക് മനഃപാഠമായിരുന്നു. കേരള ഫോക് ലോർ അക്കാഡമിയുടേതുൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. വീട്ടിൽ പൊതുദർശനത്തിനു വച്ച മൃതദേഹത്തിൽ നിരവധപേർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകീട്ട് കുടുംബ വീടായ കോവളത്തെ തെക്കേവീട്ടിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. പരേതനായ കെ.രാമൻ നായരാണ് ഭർത്താവ്. മക്കൾ : അഡ്വ. ആർ.വിനായകൻ നായർ (റിട്ട. എ.ടി.ഒ., കെ.എസ്.ആർ.ടി.സി.), അംബികാദേവി, ആർ.ഗണേശൻ നായർ (കോവളം കവികൾ സ്മാരകം), ആർ.മോഹനൻ നായർ (എസ്.ബി.ഐ., തൂത്തുക്കുടി), കോവളം രാധാകൃഷ്ണൻ (സബ് എഡിറ്റർ, മാതൃഭൂമി, കണ്ണൂർ). മരുമക്കൾ : ബി.എസ്. ഇന്ദുലേഖ (റിട്ട. സി.ഡി.പി.ഒ., സാമൂഹിക ക്ഷേമവകുപ്പ്), വി. വിജയകുമാരൻ നായർ (റിട്ട. ഹിന്ദുസ്ഥാൻ ലാറ്റക്സ്), ശ്രീദേവി, ഐ.എസ്. രതീബായി, ബിന്ദു.കെ.ചന്ദ്രൻ. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 8ന്.