ആരെങ്കിലും കയറണമെന്ന് പറഞ്ഞ് വന്നാൽ സർക്കാർ തടയണം,​ ശബരിമല വിധിയിൽ പ്രതികരിച്ച് കുമ്മനം രാജശേഖരൻ

Thursday 14 November 2019 11:43 AM IST

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തിൽ പുനപരിശോധന ഹർജികൾ പരിഗണിക്കാതെ വിശാല ബെഞ്ചിന് വിട്ട സുപ്രീം കോടതി നടപടിയിൽ പ്രതികരിച്ച് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ രംഗത്ത്. ഇത്തരമൊരു സാഹചര്യത്തിൽ ശബരിമലയിൽ ആരെങ്കിലും കയറണമെന്ന് പറഞ്ഞ് യുവതികൾ വന്നാൽ അവരെ സർക്കാർ തടയണമെന്ന് കുമ്മനം പറഞ്ഞു. അവരോട് കാര്യങ്ങൾ പറയണം. കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തണം. ഈ വിഷയം സംബന്ധിച്ച് അന്തിമ തീരുമാനം സുപ്രീം കോടതി കൈക്കൊണ്ടിട്ടില്ല. സുപ്രീം കോടതി അന്തിമ വിധി കൈക്കൊള്ളുന്നിടത്തോളം കാലം, പലവിധികളും നിലവിലുണ്ട്. ഹൈക്കോടതി വിധിയും നിലവിലുണ്ടല്ലോ എന്നാണ് കുമ്മനം പ്രതികരിച്ചത്.

ശബരിമല യുവതിപ്രവേശന കേസ് വിശാലബെഞ്ചിന് വിടുകയാണെന്ന വിധിയാണ് സുപ്രീം കോടതി ഇന്ന് പുറപ്പെടുവിച്ചത്. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ടെന്ന് പ്രസ്താവിച്ച കോടതി, കേസ് ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് പറഞ്ഞ് ഏഴംഗ ബെഞ്ചിന് വിടുകയയിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസുമാരായ എ.എം. ഖാൻവിൽക്കർ, രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദുമൽഹോത്ര എന്നിവരുൾപ്പെട്ട ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.


രാവിലെ 10.44ന് വിധി പ്രസ്താവം വായിച്ച ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയി, മതത്തിന് വലിയ പ്രാധാന്യമാണുള്ളതന്ന് വ്യക്തമാക്കി. ശബരിമല വിധിക്ക് മുസ്ളീം സ്ത്രീകളുടെ പള്ളി പ്രവേശവുമായി ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഉയർന്ന ബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് രഞ്ജൻ ഗോഗയി പറഞ്ഞു. ചീഫ് ജസ്റ്റിസിനൊപ്പം ജ. ഇന്ദു മൽഹോത്ര, ജ. ഖാൻവിൽക്കർ എന്നിവർ വിശാല ബെഞ്ചിനായി നിലപാടെടുത്തു. എന്നാൽ രോഹിന്റൺ നരിമാൻ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർ വിശാല ബെഞ്ചിന് വിട്ട നടപടി ഭരണഘടന വിരുദ്ധഗ്രന്ഥമെന്ന് വിയോജനക്കുറിപ്പെഴുതി. റിവ്യു ഹർജികൾ തള്ളണമെന്നാണ് ഇരുവരും നിലപാടെടുത്തത്. അതേസമയം, എല്ലാ സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ നേരത്തെയുള്ള വിധിക്ക് സ്‌റ്റേ ഇല്ല.