ഇന്ത്യൻ സമ്പദ്‌വളർച്ച ഇടിയുമെന്ന് മൂഡീസ്

Friday 15 November 2019 5:38 AM IST

 വളർച്ചാ പ്രതീക്ഷ 5.6% ആയി താഴ്‌ത്തി

ന്യൂഡൽഹി: ഇന്ത്യൻ ജി.ഡി.പി വളർച്ച 2019ൽ 5.6 ശതമാനത്തിലേക്ക് ഇടിയുമെന്ന് പ്രമുഖ റേറ്രിംഗ് ഏജൻസിയായ മൂഡീസ് ഇൻവെസ്‌റ്രേഴ്‌സ് സർവീസ് അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ റേറ്രിംഗ് 'സ്ഥിരത'യിൽ നിന്ന് 'നെഗറ്രീവിലേക്ക്" കഴിഞ്ഞവാരം താഴ്‌ത്തിയതിന് പിന്നാലെയാണ് മൂഡീസ്, വളർച്ചാ പ്രതീക്ഷയും ഇന്നലെ വെട്ടിക്കുറച്ചത്.

ഇന്ത്യ നടപ്പുവർഷം 6.2 ശതമാനം വളരുമെന്നായിരുന്നു മൂഡീസ് നേരത്തേ വിലയിരുത്തിയിരുന്നത്. 2018ൽ ഇന്ത്യ 7.4 ശതമാനം വളർന്നിരുന്നു. ഉപഭോക്തൃ വാങ്ങൽശേഷി വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാരിന് കഴിയാത്തതാണ് വളർച്ചയ്ക്ക് തടസമാകുകയെന്ന് മൂഡീസ് ചൂണ്ടിക്കാട്ടി. നിക്ഷേപ ഇടപാടുകൾ കുത്തനെ കുറഞ്ഞു. തൊഴിലില്ലായ്‌മ കൂടി. സമ്പദ്‌വളർച്ച ഉയർത്താൻ കഴിഞ്ഞ ആഗസ്‌റ്ര് മുതൽ കേന്ദ്ര ധനമന്ത്രാലയം ഒട്ടേറെ ഉത്തേജക പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഇവയൊന്നും ഉപഭോക്തൃ വിപണിയെ കരകയറ്റാൻ ലക്ഷ്യമിടുന്നതല്ലെന്നും മൂഡീസിന്റെ റിപ്പോർട്ടിലുണ്ട്.

അതേസമയം, വളർച്ചയ്ക്ക് കരുത്താകാനായി റിസർവ് ബാങ്ക് ഇനിയും പലിശനിരക്ക് കുറച്ചേക്കുമെന്ന് മൂഡീസ് സൂചിപ്പിച്ചു. ഇതിനകം തുടർച്ചയായി അഞ്ചുവട്ടം റിസർവ് ബാങ്ക് റിപ്പോനിരക്ക് കുറച്ചിരുന്നു. പലിശനിരക്കിളവിന്റെ നേട്ടം ജനങ്ങളിലേക്ക് എത്തുകയും വായ്‌പാവിതരണം വർദ്ധിക്കേണ്ടതും അനിവാര്യമാണെന്നും റിപ്പോർട്ടിലുണ്ട്.

പ്രമുഖ റേറ്രിംഗ്, ധനകാര്യ സ്ഥാപനങ്ങളെല്ലാം നടപ്പുവർഷം ഇന്ത്യയുടെ വളർച്ച ഇടിയുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. റിസർവ് ബാങ്ക്, ലോകബാങ്ക്, ഐ.എം.എഫ്., എസ്.ബി.ഐ എന്നവയെല്ലാം വളർ‌ച്ചായിടിവ് പ്രവചിച്ചുകഴിഞ്ഞു. വളർച്ച കഴിഞ്ഞപാദത്തിൽ 4.2 ശതമാനമായിരിക്കും എന്നാണ് എസ്.ബി.ഐ വിലയിരുത്തിയത്.

മൊത്തവില

നാണയപ്പെരുപ്പം

കുറഞ്ഞു

ഒക്‌ടോബറിൽ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള (ഹോൾസെയിൽ) നാണയപ്പെരുപ്പം സെപ്‌തംബറിലെ 0.33 ശതമാനത്തിൽ നിന്ന് 0.16 ശതമാനത്തിലേക്ക് താഴ്‌‌ന്നു. ഭക്ഷ്യേതര ഉത്പന്നങ്ങളുടെ വിലക്കുറവാണ് ആശ്വാസമായത്. അതേസമയം, റിസർ‌വ് ബാങ്ക് മുഖ്യപലിശ നിരക്ക് പരിഷ്‌കരണത്തിന് മാനദണ്ഡമാക്കുന്ന റീട്ടെയിൽ നാണയപ്പെരുപ്പം ഒക്‌ടോബറിൽ 16 മാസത്തെ ഉയരമായ 4.62 ശതമാനത്തിൽ എത്തിയിരുന്നു.