സ്വർണക്കടത്ത് കേസ് പ്രതിയുടെ വീട്ടിൽ കേരള സർവകലാശാലയുടെ പൂരിപ്പിക്കാത്ത മാർക്ക് ലിസ്‌റ്റുകൾ, സമഗ്ര അന്വേഷണത്തിന് ഡി.ആർ.ഐ
തിരുവനന്തപുരം: സ്വർണക്കടത്തു കേസിലെ പ്രതി വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടിൽ ഡി.ആർ.ഐ(ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്) നടത്തിയ റെയ്ഡിൽ കേരള യൂണിവേഴ്സിറ്റിയുടെ പൂരിപ്പിക്കാത്ത മാർക്കു ലിസ്റ്റുകൾ പിടിച്ചെടുത്തു. യൂണിവേഴ്സിറ്റിയുടെ സീൽ ഉള്ള മാർക്കു ലിസ്റ്റാണ് കണ്ടെത്തിയത്. പ്രതികൾക്കു ഡി.ആർ.ഐ കാരണം കാണിക്കൽ നോട്ടീസ് നൽകിയതോടെയാണ് റെയ്ഡിന്റെ വിവരങ്ങൾ പുറത്തു വന്നത്.
720 കിലോ സ്വർണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുള്ളവർ തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജൂൺ 14നാണ് ഡി.ആർ. ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട്ടിൽ റെയ്ഡ് നടത്തിയത്. റെയ്ഡിൽ കേരള സർവകലാശാലയുടെ പൂരിപ്പിക്കാത്ത മാർക്ക് ലിസ്റ്റുകൾ കണ്ടെത്തിയെന്ന് ഡി.ആർ.ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോർട്ടൽ പറയുന്നുണ്ട്.
ഒപ്പും സീലോടും കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാർക്ക്‌ലിസ്റ്റുകളാണ് റെയ്ഡിൽ കണ്ടെടുത്തത്. മാർക്ക് ലിസ്റ്റുകൾ എങ്ങനെ ലഭിച്ചു എന്നതിൽ വിഷ്ണുവിൽ നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതിനാൽ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പ്രിൻസിപ്പൽ സെക്രട്ടറിക്ക് കത്ത് നൽകാൻ ഒരുങ്ങുകയാണ് ഡി.ആർ.ഐ.
മേയ് 13ന് 25 കിലോ സ്വർണവുമായി തിരുമല സ്വദേശിയായ കെ.എസ്.ആർ.ടി.സി കണ്ടക്ടർ സുനിൽകുമാറും (45), സുഹൃത്ത് കഴക്കൂട്ടം വെട്ടുറോഡ് സ്വദേശിനി സെറീനയും (42) അറസ്റ്റിലായതോടെയാണ് സ്വർണക്കടത്തിൽ വിഷ്ണു സോമസുന്ദരത്തിന്റെ പങ്ക് വ്യക്തമാകുന്നത്. ദുബായിൽ നിന്ന് മസ്ക്കറ്റുവഴി തിരുവനന്തപുരത്തെത്തിയ ഒമാൻ എയർവേയ്സിലാണ് സുനിൽകുമാറും സെറീനയും സ്വർണവുമായി എത്തിയത്.