കേരളയിൽ തോറ്റവർക്ക് കൂട്ട മാർക്ക് ദാനം ,​ ഡെപ്യൂട്ടി രജിസ്ട്രാറെ സസ്പെൻഡ് ചെയ്തു

Saturday 16 November 2019 12:03 AM IST

തിരുവനന്തപുരം: എം.ജി, സാങ്കേതിക സർവകലാശാലകൾ തോറ്റ വിദ്യാർത്ഥികളെ ജയിപ്പിച്ച വിവാദം കെട്ടടങ്ങും മുമ്പ് കേരള സർവകലാശാലയിലെ വൻ മാർക്ക് തട്ടിപ്പ് പുറത്തായി. മോഡറേഷന്റെ മറവിൽ 132 മാർക്ക് വരെ കൂട്ടിയിട്ടാണ് തോറ്റ വിദ്യാർത്ഥികളെ കൂട്ടത്തോടെ ജയിപ്പിച്ചത്. നൂറിലധികം കുട്ടികളെ ഇങ്ങനെ ജയിപ്പിച്ചതായാണ് ആക്ഷേപം. അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാവിഭാഗം ഡെപ്യൂട്ടി രജിസ്ട്രാർ എ.ആർ.രേണുകയെ വൈസ് ചാൻസലർ സസ്പെൻഡ് ചെയ്തു.

2016 ജൂൺ മുതൽ 2019 ജനുവരി വരെ ബി.എ, ബികോം, ബി.ബി.എ, ബി.സി.എ തുടങ്ങി 16 പരീക്ഷകളിലാണ് ക്രമക്കേടു നടന്നത്. ഇത്രയും പരീക്ഷകൾക്കായി 76 മാർക്ക് മോഡറേഷൻ നൽകാനായിരുന്നു ബോർഡിന്റെ ശുപാർശ. അതിന്റെ അടിസ്ഥാനത്തിൽ ഫലം പ്രസിദ്ധീകരിച്ചു. എന്നിട്ടും ജയിക്കാത്തവരെ ജയിപ്പിക്കാനാണ് ചില ജീവനക്കാർ 132 മാർക്ക് കൂട്ടി നൽകിയത്. പരീക്ഷാ ജോലികളുമായി ബന്ധപ്പെട്ട കമ്പ്യൂട്ടറിൽ കയറിയാണ് മാർക്ക് കൂട്ടിയിട്ട് വേണ്ടപ്പെട്ടവരെ കൂട്ടത്തോടെ ജയിപ്പിച്ചത്.

കൂടെ പഠിക്കുന്ന വിദ്യാർത്ഥികൾ സംശയം തോന്നി നൽകിയ പരാതിയിലാണ് തട്ടിപ്പ് പുറത്തായത്. അതീവ സുരക്ഷിതത്വത്തോടെ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർ കൈകാര്യം ചെയ്യേണ്ട പാസ്‌വേർഡ് ഉപയോഗിച്ച് പരീക്ഷാ വിഭാഗത്തിലെ ചില ജീവനക്കാരാണ് കൃത്രിമം കാണിച്ചത്. ഇപ്പോൾ സസ്പെൻഷനിലായ ഉദ്യോഗസ്ഥ 2018ൽ സ്ഥലം മാറിപ്പോയിരുന്നു. ഇവരുടെ പാസ്‌വേർഡ് മാറ്റി നൽകാതെ പഴയ പാസ്‌വേർഡ് ഉപയോഗിച്ചാണ് കൃത്രിമം നടത്തിയത്.

എൽ.എൽ.ബി, ബിടെക് ഉത്തരക്കടലാസുകളുടെ റീവാലുവേഷനിലും സമാന രീതിയിൽ കൃത്രിമം നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതു സംബന്ധിച്ച് വൈസ് ചാൻസലർക്ക് പരാതി ലഭിച്ചെങ്കിലും ജീവനക്കാരുടെ സംഘടനാ നേതാക്കളുടെ സമ്മർദത്തിനു വഴങ്ങി കൂടുതൽ അന്വേഷണം നടത്താൻ തയാറായില്ലെന്ന് ആക്ഷേപമുണ്ട്.