രണ്ടാംപാദത്തിൽ നഷ്ടം ₹30,​142 കോടി, ആർകോം ഡയറക്‌ടർ സ്ഥാനം അനിൽ അംബാനി ഒഴിഞ്ഞു

Sunday 17 November 2019 5:16 AM IST

മുംബയ്: റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ (ആർകോം)​ ഡയറക്‌ടർ സ്ഥാനം അനിൽ അംബാനി ഒഴിഞ്ഞു. നടപ്പു സാമ്പത്തിക വർഷത്തെ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ കമ്പനിയുടെ നഷ്‌ടം 30,​142 കോടി രൂപയായി കുതിച്ചുയർന്ന പശ്‌ചാത്തലത്തിലാണ് രാജി. ഛായ വിറാനി,​ റയന കറാനി,​ മഞ്ജരി കാക്കർ,​ സുരേഷ് രംഗാചർ എന്നീ ഡയറക്‌ടർമാരും രാജിവച്ചുവെന്ന് ബോംബെ സ്‌റ്രോക്ക് എക്‌സ്‌ചേഞ്ചിന് നൽകിയ കത്തിൽ ആർകോം വ്യക്തമാക്കി.

ഇന്ത്യൻ ടെലികോം രംഗത്ത് പ്രതിസന്ധി അതിരൂക്ഷമെന്ന് വ്യക്തമാക്കുന്നതാണ് ആർകോമിന്റെ തകർച്ച. 33,​000 കോടി രൂപയുടെ കടക്കെണിയിലായ ആർകോമിന്റെ ആസ്‌തികൾ വിറ്റഴിച്ച് കടംവീട്ടാനുള്ള നടപടികൾ പുരോഗമിക്കവേയാണ് അനിൽ അംബാനി ഉൾപ്പെടെയുള്ള ഡയറക്‌ടർമാരുടെ രാജി. കമ്പനിയുടെ മറ്റൊരു ഡയറക്‌ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായ (സി.എഫ്.ഒ)​ വി. മണികണ്‌ഠനും നേരത്തേ രാജി സമർപ്പിച്ചിരുന്നു.

₹30,​142 കോടി

നടപ്പുവർഷം ജൂലായ്-സെപ്‌തംബർ പാദത്തിൽ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ നഷ്‌ടം 30,​142 കോടി രൂപ. ഒരിന്ത്യൻ കമ്പനിയുടെ രണ്ടാമത്തെ വലിയ ത്രൈമാസ നഷ്‌ടമാണിത്. കഴിഞ്ഞപാദത്തിൽ വൊഡാഫോൺ ഐഡിയ 50,​922 കോടി രൂപയുടെ നഷ്‌ടം കുറിച്ചതാണ് റെക്കാഡ്. 23,​000 കോടി രൂപയുടെ നഷ്‌ടവുമായി ഭാരതി എയർടെല്ലും ഒപ്പമുണ്ട്.

₹1,​141 കോടി

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2018-19)​ ജൂലായ് - സെപ്തംബറിൽ ആർകോം 1,​141 കോടി രൂപയുടെ ലാഭം നേടിയിരുന്നു.

₹33,​000 കോടി

റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെ മൊത്തം കടബാദ്ധ്യത 33,​000 കോടി രൂപ.

ആസ്‌തി വില്‌പന

 ആർകോമിന്റെ ആസ്‌തികൾ വിറ്രഴിച്ച് കടംവീട്ടാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.

 ഭാരതി എയർടെല്ലും ഭാരതി ഇൻഫ്രയുമാണ് ആസ്‌തി ഏറ്രെടുക്കാൻ മുൻപന്തിയിലുള്ളത്.

 അനിൽ അംബാനിയുടെ സഹോദരനും റിലയൻസ് ഇൻഡസ്‌ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ആർകോം ഏറ്രെടുക്കുന്നതിനുള്ള താത്പര്യപത്രം സമർപ്പിച്ചിട്ടില്ല.

₹0.59

ആർകോമിന്റെ ഓഹരിവില ഇപ്പോൾ വെറും 59 പൈസയാണ്. 2008ലെ 844 രൂപയിൽ നിന്നാണ് ഓഹരികളുടെ ഈ ദയനീയ തകർച്ച.