യു.എ.പി.എ അറസ്റ്റ്: നഗര മാവോയിസ്റ്റുകളാണെന്ന് അലനും താഹയും സമ്മതിച്ചു
കോഴിക്കോട്: പന്തീരാങ്കാവിൽ നിന്ന് യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത താഹ ഫസലും, അലൻ ഷുഹൈബും നഗര മാവോയിസ്റ്റുകളാണെന്ന് സമ്മതിച്ചതായി അന്വേഷണ സംഘം. ഇവരുടെ കസ്റ്റഡി കാലാവധി നാളെയാണ് അവസാനിക്കാനിരിക്കുന്നത്. എൻ.ഐ.എയുടെ ചോദ്യം ചെയ്യലിൽ ഇവരുടെ സംഘത്തിലെ മൂന്നാമനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. കേന്ദ്ര ഇന്റലിജൻസ് വിഭാഗവും പ്രതികളെ ചോദ്യം ചെയ്തു.
ആദ്യം ചോദ്യം ചെയ്യലിനോട് പ്രതികൾ സഹകരിച്ചില്ലെങ്കിലും, ഡിജിറ്റൽ തെളിവുകൾ നിരത്തിയപ്പോൾ നഗര മാവോയിസ്റ്റാണെന്ന് തുറന്ന് സമ്മതിക്കുകയായിരുന്നു. കൂടാതെ അലന്റെയും താഹയുടെയും മെമ്മറി കാർഡിൽ നിന്നും പെൻഡ്രൈവിൽ നിന്നും മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
അതേസമയം ചില തെളിവുകൾ നശിപ്പിക്കപ്പെട്ടെന്നും പൊലീസ് പറയുന്നു. ഇവരുടെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. നിരോധിത പ്രസ്ഥാനങ്ങളിൽ അംഗമാവുക, അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുക തുടങ്ങിയ കുറ്റങ്ങളാണ് അലനും, താഹയ്ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.
നേരത്തെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോൾ കോടതി സ്വമേധയാ യു.എ.പി.എ ഒഴിവാക്കണമെന്ന് പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വക്കേറ്റുമാരായ എം.കെ ദിനേശും എൻ.ഷംസുവും ആവശ്യപ്പെട്ടിരുന്നു.പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമില്ലെന്ന് അവർ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ യു.എ.പി.എ നിലനിൽക്കുന്നതിനാൽ ജാമ്യം നൽകാനാവില്ലെന്ന് കോടതി അന്ന് വ്യക്തമാക്കിയിരുന്നു.