ശബരിമലയിൽ ലിംഗസമത്വം വേണം, ആരെയും ബലം പ്രയോഗിച്ച് കയറ്റില്ല: കടകംപള്ളിയുടെ നിലപാട് തളളി സി.പി.എം പോളിറ്റ് ബ്യൂറോ

Sunday 17 November 2019 5:19 PM IST

ന്യൂഡൽഹി: ശബരിമലയിൽ സ്ത്രീപുരുഷ ലിംഗസമത്വം വേണമെന്നും, ക്ഷേത്രത്തിലേക്ക് ആരെയും ബലം പ്രയോഗിച്ച് കയറ്റിലെന്നും നിലപാടെടുത്ത് സി.പി.എം പോളിറ്റ് ബ്യൂറോ. ഇന്ന് ഡൽഹിയിൽ ചേർന്ന യോഗത്തിലാണ് പോളിറ്റ് ബ്യൂറോ ഈ നിലപാടെടുത്തത്. ശബരിമല യുവതീപ്രവേശന വിഷയത്തിൽ ഒരു വർഷമായി പിന്തുടരുന്ന നയം തന്നെ ഇനിയും തുടരുമെന്നും പി.ബി അറിയിച്ചു. ശബരിമല വിഷയത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്വീകരിച്ച നിലപാടിനെയും പി.ബി വിമർശിച്ചു. ആക്ടിവിസ്റ്റുകൾക്ക് ആക്ടിവിസം കാണിക്കുന്നതിന് വേണ്ടിയുള്ള ഇടമല്ല ശബരിമല എന്ന ദേവസ്വം മന്ത്രിയുടെ പ്രസ്താവനയിലാണ് പി.ബിക്ക് അതൃപ്തിയുള്ളത്.

കമ്യൂണിസ്റ്റ് പാർട്ടി തന്നെ ആക്ടിവിസ്റ്റുകളുടേതാണെന്നും കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന അനാവശ്യമാണെന്നുമാണ് പോളിറ്റ് ബ്യൂറോ അഭിപ്രായപ്പെട്ടത്. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറയുന്നതാകണം പാർട്ടിയുടെ നിലപാടെന്നും പി.ബി നിർദ്ദേശിച്ചു. അതേസമയം, വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പി.ബിയിൽ വിശദീകരണം നൽകി. പൊലീസാണ് വിദ്യാർഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതെന്നും വിഷയം നിയമപരമായി സർക്കാരിന് മുന്നിലെത്തുമ്പോൾ ഉചിതമായി നടപടി എടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി നൽകിയ വിശദീകരണം. അതേസമയം യു.എ.പി.എ. കരിനിയമം തന്നെയാണെന്ന നിലപാടിൽ മാറ്റമില്ലെന്ന് പി.ബി വ്യക്തമാക്കി.