യുവതികളെ തടയാൻ നിലയ്ക്കലിൽ കർശന പരിശോധന, ഇന്നലെ രണ്ടുപേരെ തിരിച്ചയച്ചു

Monday 18 November 2019 12:00 AM IST

ശബരിമല: ശബരിമല ദർശനത്തിനെത്തുന്ന യുവതികളെ തടയാൻ ബേസ് ക്യാമ്പായ നിലയ്ക്കലിൽ പൊലീസ് പരിശോധന കർശനമാക്കി. ഇന്നലെ ഉച്ചയോടെ കെ.എസ്.ആർ.ടി.സി ബസിലെത്തിയ ആന്ധ്രാ സ്വദേശികളായ രണ്ട് സ്ത്രീകളെ പ്രായത്തെക്കുറിച്ചുള്ള സംശയംമൂലം തിരിച്ചയച്ചു. പൊലീസിനെ കണ്ടപ്പോൾ ഇവർ മുഖം മറച്ചതാണ് സംശയത്തിന് കാരണം. വനിതാപൊലീസ് ഇവരെ ചോദ്യം ചെയ്തപ്പോൾ 58 വയസാണെന്ന് പറഞ്ഞു. പക്ഷേ പ്രായം തെളിയിക്കാനുള്ള രേഖകൾ ഇല്ലായിരുന്നു. .തുടർന്ന് ഇവരെ തിരിച്ചയച്ചു. നടതുറന്ന ദിവസമെത്തിയ ആന്ധ്രാ സ്വദേശികളായ യുവതികളേയും മലകയറാൻ അനുവദിച്ചിരുന്നില്ല.

. പൊലീസ് അസി.കമ്മിഷണർ ടി.എസ് സൂരജിന്റെ നേതൃത്വത്തിൽ നൂറോളം പുരുഷ-വനിതാ പൊലീസുകാരാണ് നിലയ്ക്കലിലുള്ളത്. . പമ്പയിലേക്കുള്ള കെ.എസ്.ആർ.ടി.സി ബസുകളിൽ കയറിയാണ് പരിശോധന.

തീർത്ഥാടകരുടെ തിരക്കേറിയിട്ടുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് കൂടുതലും. വി.ഐ.പി, പൊലീസ്, മാദ്ധ്യമ പ്രവർത്തകർ എന്നിവരുടെ വാഹനങ്ങൾക്കും അവശ്യ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി പ്രത്യേകം അനുമതി ലഭിച്ച വാഹനങ്ങൾക്കും മാത്രമേ പമ്പയിലേക്ക് പോകാനാവു. മറ്റു വാഹനങ്ങൾ നിലയ്ക്കലിൽ പാർക്ക് ചെയ്ത ശേഷം തീർത്ഥാടകർ കെ.എസ്.ആർ.ടി.സിയുടെ ചെയിൻ സർവീസിലാണ് പമ്പയിലേക്ക് പോകുന്നത്. നിലയ്ക്കലിലെ കൗണ്ടറിൽ നിന്ന് ടിക്കറ്റെടുക്കണം. ബസിൽ കണ്ടക്ടർമാരില്ല. തിരക്കുമൂലം ടിക്കറ്റ് കിട്ടാനുള്ള താമസം ഒഴിവാക്കാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങി.