ലളിതകലാ അക്കാഡമിയിൽ അഴിച്ചുപണി; പൊന്ന്യം ചന്ദ്രൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് തെറിച്ചു
തൃശൂർ: ലളിതകലാ അക്കാഡമി ഭരണസമിതിയിൽ സർക്കാരിന്റെ അഴിച്ചുപണി. സെക്രട്ടറിയായിരുന്ന പൊന്ന്യം ചന്ദ്രനെ സെക്രട്ടറി സ്ഥാനത്ത് നിന്നു മാറ്റിയും പുതിയ ആളുകളെ ഉൾപ്പെടുത്തിയുമാണ് അക്കാഡമി ഭരണസമിതി പുനഃസംഘടിപ്പിച്ചത്. അക്കാഡമി ജനറൽ കൗൺസിൽ അംഗമായിരുന്ന പി.വി. ബാലനെയാണ് പുതിയ സെക്രട്ടറിയായി നിയമിച്ചത്.
നിലവിലെ ചെയർമാൻ നേമം പുഷ്പരാജിനെ നിലനിറുത്തി. ഭരണസമിതികളുടെ കാലാവധികൾ കഴിഞ്ഞ് മാസങ്ങളായിരുന്നു. സാഹിത്യ, സംഗീത നാടക അക്കാഡമികൾ അഴിച്ചുപണികൾ ഇല്ലാതെ പുനഃസംഘടിപ്പിച്ചെങ്കിലും സർക്കാരിനു തലവേദനയുണ്ടാക്കിയ ലളിത കലാ അക്കാഡമി പുനഃസംഘടിപ്പിക്കൽ നീട്ടിവയ്ക്കുകയായിരുന്നു. ചെയർമാനായിരുന്ന സത്യപാലിന്റെ രാജിയോടെ തുടങ്ങിയ ലളിതകലാ അക്കാഡമിയിലെ ആഭ്യന്തര തർക്കം പിന്നീട് സർക്കാരിനെ പോലും കുരുക്കിലാക്കുന്നതായി.
ചിത്രകാരൻ അശാന്തന്റെ മൃതദേഹത്തോട് അനാദരവ്, ഏറെ പ്രതിസന്ധിയിലാക്കിയ കാർട്ടൂൺ വിവാദം, ലളിതകലാ അക്കാഡമി മുറ്റത്ത് കൈതപ്രവുമായി വാക്കേറ്റം എന്നിവയും പൊന്ന്യം ചന്ദ്രന് തിരിച്ചടിയായി. ഇതിനിടയിൽ ജീവനക്കാരിൽ നിന്നു വ്യാപകമായ പരാതി സി.പി.എമ്മിനും സർക്കാരിനും ലഭിച്ചു. ഇതോടെയാണ് കാര്യമായ അഴിച്ചുപണിക്ക് സി.പി.എം നിർദ്ദേശം നൽകിയത്. നിർവാഹക സമിതിയംഗങ്ങളുടെ രാജിയും കാർട്ടൂൺ വിവാദവുമടക്കം അക്കാഡമി സെക്രട്ടറിയുടെ പക്വമല്ലാത്ത നിലപാടുകളാണ് അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതെന്ന വിമർശനം നിർവാഹക സമിതിയംഗങ്ങളിൽ നിന്നു തന്നെ ഉയർന്നതാണ് പൊന്ന്യം ചന്ദ്രനെ മാറ്റണമെന്ന നിർബന്ധത്തിലെത്തിയതെന്ന് പറയുന്നു.