കയറ്റുമതി ഇടിവ് തുടരുന്നു; വ്യാപാരക്കമ്മിയിൽ ആശ്വാസം
കൊച്ചി: ഇന്ത്യയുടെ വാണിജ്യാധിഷ്‌ഠിത കയറ്റുമതി ഒക്‌ടോബറിലും കാഴ്‌ചവച്ചത് നിർജീവപ്രകടനം. കയറ്രുമതി വരുമാനം 1.11 ശതമാനം കുറഞ്ഞ് ഒക്‌ടോബറിൽ 2,638 കോടി ഡോളറിൽ ഒതുങ്ങി. പെട്രോളിയം, ലെതർ ഉത്‌പന്നങ്ങളുടെ ഡിമാൻഡ് കുറഞ്ഞതാണ് പ്രധാന തിരിച്ചടി. സാമ്പത്തിക ഞെരുക്കം ശക്തമെന്ന് വ്യക്തമാക്കി, ഇറക്കുമതിയിലും കുറവുണ്ടായി. 16.31 ശതമാനം കുറവോടെ 3,739 കോടി ഡോളറിന്റെ ഉത്‌പന്നങ്ങളാണ് കഴിഞ്ഞമാസം ഇന്ത്യ വാങ്ങിയത്.
അതേസമയം, ഇറക്കുമതിച്ചെലവിലുണ്ടായ ഈ ഇടിവ് വ്യാപാരക്കമ്മി കുറയാൻ സഹായകമായത് ഇന്ത്യയ്ക്ക് നേട്ടമായി. 2018 ഒക്‌ടോബറിൽ 1,800 കോടി ഡോളറായിരുന്ന വ്യാപാരക്കമ്മി കഴിഞ്ഞമാസം 1,101 കോടി ഡോളറായി കുറഞ്ഞു. കഴിഞ്ഞമാസം ഇലക്‌ട്രിക് ഉത്‌പന്നങ്ങൾ, ജെം ആൻഡ് ജുവലറി, ഔഷധം, എൻജിനിയറിംഗ് ഉത്‌പന്നങ്ങൾ എന്നിവ നേരിയ കയറ്റുമതി നേട്ടം കുറിച്ചു. ക്രൂഡോയിൽ ഇറക്കുമതി 31.74 ശതമാനം കുറഞ്ഞ് 963 കോടി ഡോളറായി ചുരുങ്ങിയത് വ്യാപാരക്കമ്മി കുറയാൻ സഹായിച്ചു. അതേസമയം, സ്വർണം ഇറക്കുമതി 4.74 ശതമാനം ഉയർന്ന് 183 കോടി ഡോളറിലെത്തി.
നടപ്പുവർഷം ഏപ്രിൽ-ഒക്‌ടോബറിൽ കയറ്റുമതി 2.21 ശതമാനം കുറഞ്ഞ് 18,595 കോടി ഡോളറായി. ഇറക്കുമതിച്ചെലവ് 8.37 ശതമാനം കുറഞ്ഞ് 28,067 കോടി ഡോളറിലെത്തി. 9,472 കോടി ഡോളറാണ് വ്യാപാരക്കമ്മി.