മുഖ്യമന്ത്രിയുടെ അവകാശവാദം അവിശ്വസനീയം: മുല്ലപ്പള്ളി

Tuesday 19 November 2019 12:24 AM IST

തിരുവനന്തപുരം: യു.എ.പി.എ സംബന്ധിച്ച് സി.പി.എം പോളിറ്റ് ബ്യൂറോയിൽ തനിക്കെതിരെ വിമർശനം ഉണ്ടായില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം അവിശ്വസനീയമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.

യു.എ.പി.എയിൽ പോളിറ്റ് ബ്യൂറോ നിലപാട് വ്യക്തമാക്കണം. ഏഴ് മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലിൽ കൊന്നതും പാർട്ടി പ്രവർത്തകരായ വിദ്യാർത്ഥികൾക്ക് നേരെ യു.എ.പി.എ ചുമത്തിയതും പോളിറ്റ് ബ്യൂറോ അംഗീകരിക്കുന്നുവെന്നാണ് പിണറായി വിജയന്റെ വാക്കുകളിൽ നിന്ന് മനസ്സിലാകുന്നത്. എന്നാൽ,യു.എ.പി.എ ചുമത്തിയതിനെതിരെ സി.പി.എം ജനറൽ സെക്രട്ടറിയും മുൻ ജനറൽ സെക്രട്ടറിയും പല പോളിറ്റ് ബ്യൂറോ അംഗങ്ങളും പരസ്യമായി രംഗത്ത് വന്നിരുന്നു. യു.എ.പി.എ കരി നിയമമാണെന്ന് ആവർത്തിച്ച് എല്ലാ വേദികളിലും പറഞ്ഞവരാണ് സി.പി.എമ്മുകാർ. ഒടുവിൽ നടന്ന പോളിറ്റ് ബ്യൂറോയോഗത്തിൽ ആ നിലപാടിൽ മാറ്റം വരുത്തിയോയെന്ന് സി.പി.എം വിശദീകരിക്കണം. . പരസ്യമായ യു.എ.പി.എ നിലപാട് പോളിറ്റ് ബ്യൂറോ തള്ളിയെന്ന് വിശ്വസിക്കാനാകുന്നില്ല. സി.പി.എമ്മിന്റെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോയ്ക്കും മുകളിലാണ് താനെന്നാണ് മുഖ്യമന്ത്രിയുടെ ഭാവം. പി.ബിയും കേന്ദ്രകമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും എല്ലാം കേരള മുഖ്യന്റെ മുന്നിൽ മുട്ടുവിറച്ച് നിൽക്കുന്നതാണ് രാഷ്ട്രീയ സമൂഹം കാണുന്നത്. പോളിറ്റ് ബ്യൂറോയെക്കാൾ ഗൗരവത്തോടെ മുഖ്യമന്ത്രി കാണുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ്. പിണറായിക്ക് ബി.ജെ.പി ബിഗ് സല്യൂട്ട് വരെ നൽകി. മാവോയിസ്റ്റുകളെ വകവരുത്തുന്നതും യു.എ.പി.എ ചുമത്തുന്നതും മോദിയുടെ അജൻഡയാണ്. അതാണ് പിണറായി കേരളത്തിൽ നടപ്പാക്കുന്നത്- മുല്ലപ്പള്ളി പറഞ്ഞു.