'മുസ്ലിങ്ങൾക്ക് പള്ളി ഉണ്ടാക്കാൻ സഹായിച്ചത് ഹിന്ദുക്കൾ',​ നേമം വിവാദപ്രസംഗത്തിൽ മുള്ളൂർക്കര സഖാഫിക്ക് വിലക്ക്,​ തനിക്ക് തെറ്റുപറ്റിയെന്ന് വിശദീകരണം

Monday 18 November 2019 10:30 PM IST

തിരുവനന്തപുരം: നബിദിനത്തിൽ അയോദ്ധ്യ വിധിയെ അനുകൂലിച്ചും കേരളത്തിന്റെ ചരിത്രം വളച്ചൊടിച്ച് പ്രസംഗിച്ച മുള്ളൂർക്കര സഖാഫിക്ക് വിലക്ക്. പ്രസംഗം വിവാദമായി സാഹചര്യത്തിൽ സംസ്ഥാന പിന്നാക്ക കമ്മീഷൻ അംഗവും സി.പി.എം സഹയാത്രികനും എ.പി സുന്നി അനുഭാവിയുമായ സഖാഫിയെ പൂർണ്ണമായി അകറ്റി നിർത്താനാണ് കാന്തപുരം വിഭാഗം തീരുമാനിച്ചിരിക്കുന്നത്. അയോദ്ധ്യ കേസിൽ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കത്തിൽ സംഘപരിവാർ വാദങ്ങളെ പിന്തുണച്ച് കൊണ്ടാണ് അദ്ദേഹം പ്രസംഗിച്ചത്.

പ്രസംഗം വിവാദമായതോടെ മാപ്പപേക്ഷയുമായി മുള്ളൂർക്കര സഖാഫി രംഗത്തുവന്നു. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കിൽ അവരോട് താൻ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 'നബിദിന പ്രഭാഷണം പല നിലക്കും പല അഭിപ്രായങ്ങൾക്കും വഴിവെക്കാനിടയായതിൽ ഞാൻ ഖേദിക്കുന്നു. ചരിത്രകാരന്മാരിൽ നിന്നും, പണ്ഡിതൻമാരിൽ നിന്നും കൂടുതൽ വിവരങ്ങൾ കിട്ടിയ സാഹചര്യത്തിൽ ഞാൻ എന്റെ പ്രസംഗത്തിലെ പല നിലപാടുകളും തിരുത്താൻ തയ്യാറാവുന്നു. ബാബരി മസ്ജിദ് വിഷയത്തിൽ സുപ്രീം കോടതി വിധി മാനിക്കുന്നു. സുന്നീ പണ്ഡിത നേതൃത്വത്തെ അംഗീകരിക്കുന്നു.നേതൃത്വത്തിന്റെ നിലപാടിൽ വ്യത്യസ്ഥമായ നിലപാട് എനിക്കില്ല. പ്രസംഗം ആരെയൊക്കെ വേദനിപ്പിച്ചെങ്കിൽ അവരോട് ഞാൻ ക്ഷമ ചോദിക്കുന്നു'. അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു

കൊടുങ്ങല്ലൂരിലെ ചേരമാൻ ജുമാമസ്ജിദിന്റെ നിർമാണ പശ്ചാത്തലം സംബന്ധിച്ചുള്ള മുള്ളൂർക്കരയുടെ പ്രസംഗത്തിൽ നിരവധി ചരിത്രവിരുദ്ധ പരാമർശങ്ങളാണ് ഉണ്ടായിരുന്നത്. ബാബരി മസ്ജിദ് ഹിന്ദുക്ഷേത്രത്തിനായി വിട്ടുകൊടുത്ത സുപ്രീംകോടതി നിലപാട് മുസ്ലിംകൾ അംഗീകരിക്കണമെന്നും പ്രസംഗത്തിൽ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.