കേരളയിൽ പരീക്ഷാ വിഭാഗം നിശ്ചലം; മാർക്ക് ലിസ്റ്റ്, ഹാൾടിക്കറ്റ് വിതരണം മുടങ്ങി

Tuesday 19 November 2019 12:00 AM IST
kerala uni

തിരുവനന്തപുരം: കേരള സർവകലാശാലയിലെ മാർക്ക് തട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി പരീക്ഷാഫലവുമായി ബന്ധപ്പെട്ട കമ്പ്യൂട്ടർ ശൃംഖലയുടെ ഹാർഡ് ഡിസ്‌കുകൾ ബ്ളോക്ക് ചെയ്തതോടെ പുതിയ മാർക്ക് ലിസ്​റ്റ് അനുവദിക്കൽ, ഹാൾടിക്ക​റ്റുകൾ വെബ്‌സൈ​റ്റിൽ അപ്‌ലോഡ് ചെയ്യൽ എന്നിവ പൂർണമായും തടസപ്പെട്ടു.

വിവിധ സർട്ടിഫിക്ക​റ്റുകളും മാർക്ക് ലിസ്​റ്റുകളും അടിയന്തരമായി ആവശ്യമുള്ള വിദ്യാർത്ഥികൾ ഇന്നലെ നെട്ടോട്ടമായിരുന്നു. പരാതിയുമായി പരീക്ഷാ കൺട്രോളറെ സമീപിച്ചപ്പോൾ നിസഹായത പ്രകടിപ്പിച്ചെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. പരീക്ഷാവിഭാഗത്തിന്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ പകരം സംവിധാനം ഏർപ്പെടുത്തിയേക്കും.

ജീവനക്കാരുടെ പാസ്‌വേർഡുകൾ ബ്ളോക്ക് ചെയ്ത്‌ സോഫ്‌റ്റ്‌വെയറിലേക്കുള്ള പ്രവേശനവും തടഞ്ഞിരിക്കുകയാണ്. തെളിവുകൾ നശിപ്പിക്കാനുള്ള സാദ്ധ്യത മുൻനിറുത്തിയാണിത്. പ്രോ വൈസ് ചാൻസലർ ഡോ. പി.പി. അജയകുമാറിന്റെ നേതൃത്വത്തിൽ സിൻഡിക്കേ​റ്റ് അംഗം ഡോ. കെ.ജി. ഗോപുചന്ദ്രൻ, സെന​റ്റ് അംഗം ഡോ. കെ.എസ്. അനിൽകുമാർ, കുസാ​റ്റ് റിട്ട. പ്രൊഫസർ ഇഗ്‌നേഷ്യസ് കുഞ്ഞുമോൻ എന്നിവരടങ്ങിയ സമിതിയാണ് ഇന്നലെ അന്വേഷണം തുടങ്ങിയത്. പരീക്ഷാ കൺട്രോളർ, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ, ബന്ധപ്പെട്ട സെക്‌ഷനുകളിലെ ഡെപ്യൂട്ടി, അസി. രജിസ്ട്രാർമാർ, ഐ.ടി സെൽ ഉദ്യോഗസ്ഥർ തുടങ്ങിയവരിൽ നിന്ന് തെളിവെടുത്തു.

സാങ്കേതിക പിഴവ്

 15 വർഷം മുമ്പ് സർവകലാശാല കമ്പ്യൂട്ടർ സെന്റർ വികസിപ്പിച്ച സോഫ്‌റ്റ്‌വെയറാണ് പരീക്ഷാ ജോലികൾക്കായി ഉപയോഗിക്കുന്നത്. മോഡറേഷൻ മാർക്ക് ഉൾപ്പെടെയുള്ളവ തെ​റ്റായ രീതിയിലാണ് രേഖപ്പെടുത്തുന്നത്

 മോഡറേഷൻ മാർക്ക് നൽകുന്നത് വഴി തിരുത്തൽ ആവശ്യമായി വരുന്ന ഘട്ടത്തിൽ, ഗുണഭോക്താക്കൾ ആരായിരിക്കണമെന്ന നിബന്ധന സോഫ്‌റ്റ്‌വെയറിൽ ഇല്ല

 മോഡറേഷൻ ഏത് വർഷം/ മാസം പരീക്ഷ എഴുതിയ വിദ്യാർത്ഥിക്കാണ് ബാധകം എന്ന നിബന്ധന സോഫ്‌റ്റ്‌വെയറിൽ ഇല്ല