സി.എ പഠനം ലളിതമാക്കും

Tuesday 19 November 2019 1:39 AM IST

കൊച്ചി : ചരക്കു സേവന നികുതി (ജി.എസ്.ടി) സേവനങ്ങൾ ലഭ്യമാക്കാൻ രാജ്യവ്യാപകമായി 150 ഹെൽപ്പ് ഡെസ്കുകൾ ആരംഭിക്കുമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഒഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് പ്രഫുല്ല പി. ഛജേദ് പറഞ്ഞു. ജി.എസ്.ടി നടപ്പാക്കുന്നതിന് സ്ഥാപനങ്ങൾക്ക് സഹായം നൽകുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റസ് ഒഫ് ഇന്ത്യയുടെ ദക്ഷിണേന്ത്യൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയതാണ് അദ്ദേഹം.

ഇംഗ്ളണ്ട് ഉൾപ്പെടെ രാജ്യങ്ങൾ സി.എ കോഴ്സിനെ ബിരുദാനന്തര ബിരുദത്തിന് തുല്യമായി അംഗീകരിച്ചിട്ടുണ്ട്. യോജിച്ച പ്രവർത്തനത്തിന് കുവൈറ്റ് അക്കൗണ്ടന്റ്സ് ആൻഡ് ഓഡിറ്റേഴ്സ് അസോസിയേഷനുമായി ധാരണാപത്രം ഒപ്പിട്ടു.

# സി​.എ പഠനം ലളിതമാക്കും

സി.എ പഠനം ആധുനികവും കൂടുതൽ ലളിതവുമാക്കും. അവസാന പരീക്ഷയിൽ ഒബ്‌ജക്ടീവ് ചോദ്യങ്ങൾ ഉൾപ്പെടുത്തും. ജമ്മുവിലും ലഡാക്കിലും കേന്ദ്രങ്ങൾ ആരംഭിക്കും. ഓൺലൈനിൽ പഠിക്കാൻ വെർച്വൽ ക്ളാസുകൾ ആരംഭിച്ചു. ഡിജിറ്റൽ ലേണിംഗ് ഹബിലൂടെ ഇ ബുക്കുൾപ്പെടെ പഠനസാമഗ്രികൾ ലഭ്യമാക്കും.

# ആഗോളസമ്മേളനം 2022 ൽ

അക്കൗണ്ടിംഗ് രംഗത്തെ അന്തരാഷ്ട്ര സംഘടനയായ ഇന്റർനാഷണൽ ഫെഡറേഷൻ ഒഫ് അക്കൗണ്ടന്റ്സിന്റെ ആഗോളസമ്മേളനം 2022 നവംബറിൽ മുംബെയിൽ നടക്കും. 130 രാജ്യങ്ങളിലെ 6000 പ്രതിനിധികൾ പങ്കെടുക്കും.

ഇൻസ്റ്റിറ്റ്യൂട്ട് ദേശീയ സമിതിയംഗം ബാബു എബ്രഹാം കള്ളിവയലിൽ, ദക്ഷിണേന്ത്യൻ ചെയർമാൻ ജോമൻ കെ. ജോർജ്, പി.ആർ. ശ്രീനിവാസൻ, പ്രസന്നകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

# മാന്ദ്യത്തിലും ഇന്ത്യ ഭേദം

ആഗോളസാമ്പത്തിക മാന്ദ്യത്തിലും സ്ഥിതി വഷളാകാത്ത ഏതാനും രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് പ്രഫുല്ല പി. ഛജേദ് പറഞ്ഞു. സാമ്പത്തികപ്രവർത്തനങ്ങൾ മന്ദീഭവിച്ചിട്ടുണ്ട്. എങ്കിലും വിദേശ നിക്ഷേപം ലഭിക്കുന്നതിൽ രാജ്യത്തിന് മുന്നേറ്റമുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെ വിശ്വാസ്യതയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.