63-ാമത് സംസ്ഥാന സ്കൂൾ കായികോത്സവം,​ കണ്ണൂരിൽ പാലക്കാടൻ പടയോട്ടം

Wednesday 20 November 2019 1:27 AM IST

വിജയത്തിൻ പാലക്കാടൻ കാറ്റ് ...കണ്ണൂരിൽ നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഓവറോൾ കിരീടനം നേടിയ പാലക്കാട് ജില്ലാടീമിന്റെ ആഹ്ളാദം

കണ്ണൂർ: കണ്ണൂരിന്റെ മണ്ണിൽ വിയർപ്പുമണികൾ സ്വർണമുത്തുകളാക്കി മാറ്റിയ പാലക്കാട് ജില്ലയുടെ ചുണക്കുട്ടികൾ സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മീറ്റിലെ ഒാവറാൾ ചാമ്പ്യൻപട്ടം സ്വന്തമാക്കി. 63-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ഹാട്രിക് കിരീടം ലക്ഷ്യമിട്ടെത്തിയ എറണാകുളത്തെ 44 പോയിന്റുകൾക്ക് പിന്തള്ളിയാണ് പാലക്കാടിന്റെ പടയോട്ടം.

പാലക്കാട് 18 സ്വർണവും 26 വെള്ളിയും 16 വെങ്കലവുമുൾപ്പെടെ 201.33 പോയിന്റ് നേടി.

2016ന് ശേഷം ആദ്യമായാണ് പാലക്കാടിന്റെ കിരീട ധാരണം.

എറണാകുളം 21 സ്വർണവും 14 വെള്ളിയും 11 വെങ്കലവുമടക്കം 157.33 പോയിന്റാണ് നേടിയത്.

14 സ്വ‌ർണവും 7 വെള്ളിയും 18 വെങ്കലവുമടക്കം 123.33 പോയിന്റ് നേടിയ കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.

സ്കൂളുകളിൽ കോതമംഗലം മാർബേസിൽ ഒന്നാം സ്ഥാനം സ്വന്തമാക്കി.

8 സ്വർണവും 6 വീതം വെള്ളിയും വെങ്കലവുമുൾപ്പെടെ 62.33 പോയിന്റോടെയാണ് മാർബേസിൽ ഒന്നാമൻമാരായത്.

രണ്ടാം സ്ഥാനത്തെത്തിയ കല്ലടി കുമരംപുത്തൂർ 58.33 പോയിന്റ് നേടി.

32.33 പോയിന്റ് നേടിയ പുല്ലൂരാംപാറ സെന്റ് ജോസഫ് എച്ച്.എസ്.എസാണ് മൂന്നാം സ്ഥാനത്ത്.

സ്പോർട്സ് ഹോസ്റ്രലുകളിൽ 4 വീതം സ്വർണവും വെള്ളിയും വെങ്കലവും നേടിയ തിരുവനന്തപുരം സായിക്കാണ് ഒന്നാം സ്ഥാനം.

എം.എ കോളേജ് സ്പോർട്സ് ഹോസ്റ്രൽ മാതിരപ്പള്ളി രണ്ടാമതും തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂൾ മൂന്നാമതുമെത്തി.