ഒരേ സമയം രണ്ട് കോഴ്‌‌സ് പഠിപ്പിക്കും ജയിപ്പിക്കും, ഹാജരും വേണ്ട ഫീസും അടയ്‌ക്കണ്ട: ഇതൊരു എസ്.എഫ്.ഐ-കേരള പ്രണയഗാഥ

Wednesday 20 November 2019 10:40 AM IST

തിരുവനന്തപുരം: ഒരേ സമയം രണ്ട് കോഴ്സ് പഠിക്കാനും ഹാജരില്ലെങ്കിലും പരീക്ഷയെഴുതാനും എസ്.എഫ്.ഐ നേതാവിന് കേരള സർവകലാശാല വഴിവിട്ട് സഹായം നൽകി. സർവകലാശാലയുടെ ഡിപ്പാർട്ട്‌മെന്റ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിക്കാണ് സർവകലാശാലാ ഉന്നതരും സിൻഡിക്കേറ്റുമടക്കം സഹായം ചെയ്തത്.

ഒരേസമയം രണ്ട് കോഴ്സ് പഠിക്കാൻ പാടില്ലെന്ന് നിയമമുണ്ടായിരിക്കെ, കേരളയിലും കാലിക്കറ്റിലുമായി ഈ നേതാവ് രണ്ട് കോഴ്സ് പഠിക്കുകയാണ്. രണ്ടിലും ഇതുവരെ വിജയിക്കാനായിട്ടില്ല. കാലിക്കറ്റിൽ 2016ൽ പ്രൈവറ്റ് രജിസ്‌ട്രേഷനായി എം.കോം, കേരളയിൽ 2017 രജിസ്‌ട്രേഷനായി എം.എ ലിംഗ്വിസ്റ്റിക് കോഴ്സുകളാണ് പഠിക്കുന്നത്. നിയമവിരുദ്ധമായി രണ്ട് കോഴ്സുകൾ പഠിക്കുന്നത് അറിഞ്ഞിട്ടും സർവകലാശാലാ അധികൃതർ കണ്ണടച്ചെന്നാണ് ആക്ഷേപം.

ഈ വിദ്യാർത്ഥി നേതാവിന് കാലിക്കറ്റ് സർവകലാശാലയിൽ കഴിഞ്ഞ ആഗസ്റ്റിൽ പരീക്ഷയെഴുതാനുള്ള സൗകര്യവും കേരള സർവകലാശാല ഒരുക്കികൊടുത്തു.

നേതാവിന് മാത്രമായി പ്രത്യേക വൈവോസി പരീക്ഷ നടത്താൻ വൈസ്ചാൻസലർ ഉത്തരവിറക്കി. സിൻഡിക്കേറ്റ് അംഗത്തിന്റെ സമ്മർദ്ദം കാരണമാണിതെന്ന് പറയുന്നു. നാലാം സെമസ്റ്ററിലെ ഒരു വിഷയത്തിൽ നേതാവിന് 29 ക്ലാസുകളിൽ പൂജ്യം ഹാജരാണുള്ളത്. മതിയായ ഹാജരില്ലെന്ന് രേഖാമൂലം വകുപ്പിൽ നിന്ന് അറിയിച്ചിട്ടും പരീക്ഷയെഴുതാൻ സർവകലാശാല അനുവദിച്ചു. ഹോസ്റ്റൽ ഫീസിൽ വൻ കുടിശികയുള്ളതിനാൽ പരീക്ഷയെഴുതാൻ അനുവദിക്കരുതെന്ന് വാർഡർ ശുപാർശ നൽകിയെങ്കിലും പി.വി.സി ഇടപെട്ട് പരീക്ഷയ്ക്കിരുത്തി. പരീക്ഷയിൽ തോറ്റതിനു പിന്നാലെ അദ്ധ്യാപികയ്‌ക്കെതിരെ നേതാവ് സർവകലാശാലയ്ക്ക് തുടരെത്തുടരെ പരാതികളയച്ചു. രണ്ട് മൂല്യനിർണയം നടത്തിയിട്ടും മാർക്കുകൾ തമ്മിൽ വ്യത്യാസമില്ലാത്തതിനാൽ നിയമവിരുദ്ധമായി മൂന്നാം മൂല്യനിർണയത്തിന് കേരള സർവകലാശാല.ഒരുങ്ങുന്നതായാണ് വിവരം.