"അന്ന് ആ നടന്റെ വളർച്ചയിൽ അന്തിച്ചു നിന്ന ലാലിന്റെ മനസിൽ പോലുമില്ലായിരുന്നു താൻ അവനേക്കാൾ വലിയ ആളാകുമെന്ന്"

Wednesday 20 November 2019 3:07 PM IST

ആദ്യകാല സിനിമാ ചരിത്രങ്ങൾക്കൊപ്പം കൂട്ടിവായിക്കേണ്ട പേരാണ് സ്‌‌റ്റാ‌‌‌ൻ‌ലി ജോസ്. അധികമാരും അറിയാത്ത വ്യക്തിത്വം. പിൽക്കാലത്ത് മലയാളസിനിമയിൽ ഹിറ്റുകൾ സൃഷ്ടിച്ച പല സംവിധായകരുടെയും ഗുരുവാണ് സ്‌‌റ്റാ‌‌ൻലി. തച്ചോളി അമ്പു, പടയോട്ടം തുടങ്ങിയ സിനിമാ സാങ്കേതികവികാസ ചരിത്രത്തിന്റെ മാത്രമല്ല ബോക്സ് ഓഫീസ് വിജയചരിത്രങ്ങൾക്കൊപ്പവും സ്റ്റാൻലിയുടെ പേരുണ്ടായിരുന്നു. ആദ്യകാല മലയാള ചലച്ചിത്ര നിർമാതാക്കളിൽ പ്രമുഖരായ ഉദയ സ്റ്റുഡിയോയ്ക്കു വേണ്ടി സിനിമകൾ സംവിധാനം ചെയ്തു.

സ്റ്റാൻലി ജോസ് സ്വതന്ത്രമായി സംവിധാനം ചെയ്ത വേഴാമ്പൽ എന്ന ചിത്രത്തിൽ നായികയായെത്തിയത് ശ്രീദേവിയാണ്. മികച്ച നടിയായി ശ്രീദേവി മാറുമെന്ന് അന്നുതന്നെ അറിയാമായിരുന്നെന്നും അദ്ദേഹം പറയുന്നു. മലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയോടും മോഹൻലാലിനോടും ജോസിന് സൗഹൃദമുണ്ട്. ഇന്നത്തെ നിലയിൽ താനെത്തുമെന്ന് അന്നത്തെ മോഹൻലാൽ സ്വപ്നത്തിൽപോലും വിചാരിച്ചുകാണില്ലെന്നും അദ്ദേഹം പറയുന്നു. കൗമുദി ടി.വിയോടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന് ചിത്രത്തിനായി കൊടെെക്കനാലിൽ എത്തിയപ്പോഴാണ് മോഹൻലാലിനെ കാണുന്നത്. ഇന്നത്തെ നിലയിൽ താനെത്തുമെന്ന് അന്നത്തെ മോഹൻലാൽ സ്വപ്നത്തിൽപോലും വിചാരിച്ചുകാണില്ലെന്ന് സ്റ്റാൻലി ജോസ് ഓർക്കുന്നു. "കൊടെെക്കനാലിലിൽ വച്ചാണ് മോഹൻലാലിനെ കാണുന്നത്.​ മോഹൻലാൽ അവിടെ വന്ന് പരിചയപ്പെട്ടു. ആദ്യം ഒരു കീർത്തനവുമൊക്കെ പാടി ഇരുന്നു. ആളൊരു രസികനാണ്. എല്ലാവരെയും സോപ്പിടുന്നൊരു സ്വഭാവമുണ്ടായിരുന്നു. അവിടെ താമസിച്ചു. ഷൂട്ട് ചെയ്യാനൊക്കെ തുടങ്ങി. അന്ന് ശങ്കറിന്റെ "ഒരു തലെെ രാഗം" ചിത്രം ഇറങ്ങിയ സമയമാണ്. കൊടേക്കനാലിൽ വരുന്ന ടൂറിസ്റ്റുകൾക്ക് മുഴുവൻ ശങ്കറിനെ അറിയാം. എല്ലാവരും ശങ്കറിനെ കാണാൻ ഓട്ടോഗ്രാഫുംകൊണ്ട് ചുറ്റും കൂടുകയാണ്. അന്ന് മോഹൻലാൽ അതുകണ്ട് അന്തിച്ചു നിൽക്കുകയാണ്. ഭാവിയിൽ അവനേക്കാളും വലിയ ആളാകുമെന്ന സങ്കൽപം പോലും മോഹൻലാലിനില്ല"- അദ്ദേഹം പറയുന്നു.