ഹെൽമറ്റ് വേട്ട വേണ്ട, ഓടിച്ചിട്ട് പിടിക്കരുത്; ട്രാഫിക് പരിശോധനയ്ക്ക് നിർദ്ദേശങ്ങളുമായി ഹൈക്കോടതി

Wednesday 20 November 2019 6:28 PM IST

കൊച്ചി : ഹെൽമററ്റ് ധരിക്കാത്തത് ഉൾപ്പെടെ ള ഗതാഗത നിയമം ലംഘിക്കുന്നവരെ ഓടിച്ചിട്ട് പിടിക്കരുതെന്ന് ഹൈക്കോടതി. നിയമലംഘനം കണ്ടെത്താൻ ശാസ്ത്രീയമാർഗങ്ങൾ അവലംബിക്കണം. 2012ലെ ഡി.ജി.പിയുടെ സർക്കുലർ പാലിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. പരിശോധനയ്ക്ക് ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിക്കണമെന്നും സിഗ്നൽ നവീകരണം വേണമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

അതിനിടെ പിൻസീറ്റ് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധമാക്കുന്നതിന്റ ഭാഗമായി ഗതാഗതവകുപ്പ് ബോധവത്കരണം തുടങ്ങി. നിയമം കർശനമാക്കിക്കൊണ്ടുള്ള വി‍ജ്ഞാപനം ഉടനിറങ്ങും.എന്നാൽ ഡിസംബർ ആദ്യവാരം മുതൽ പിഴയൊടുക്കിയാൽ മതിയെന്നാണ് തീരുമാനം.

ഹൈക്കോടതി ഉത്തരവ് വന്നതോടെ പൊലീസും മോട്ടോർവാഹനവകുപ്പും ഹെൽമറ്റ് പരിശോധനയും കർശനമാക്കി. ഹെൽമറ്റ് ധരിക്കാത്ത പിൻസീറ്റ് യാത്രക്കാർക്ക് തത്കാലം താക്കീത് നല്‍കി വിട്ടയയ്ക്കുകയാണ്. എന്തായാലും ബോധവത്കരണവും ഹെൽമറ്റ് വാങ്ങാൻ സമയവും അനുവദിച്ചശേഷം പിഴ ഈടാക്കിത്തുടങ്ങിയാൽ മതിയെന്നാണ് തീരുമാനം. അതുവരെ സോഷ്യൽ മീഡിയയിലുൾപ്പെടെ പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകത പ്രചരിപ്പിക്കും.