ശബരിമലയിൽ വിശ്വാസികൾക്കൊപ്പമുള്ള എൻ.എസ്.എസ് ഇനി ബി.ജെ.പിക്കൊപ്പമോ ? പ്രവർത്തകയോഗങ്ങൾ വിളിച്ച് എൻ.എസ്. എസ്

Monday 26 November 2018 11:20 AM IST

കോട്ടയം : രാഷ്ട്രീയത്തിൽ തുടർച്ചയായി സമദൂരം സ്വീകരിക്കുന്ന എൻ.എസ്.എസ് സംഘപരിവാറിനോട് എന്നും അകലം പാലിച്ചിരുന്നു. എന്നാൽ ശബരിമല വിഷയത്തിൽ പരസ്യമായി പ്രതിഷേധിച്ച് കൊണ്ട് തെരുവിൽ നാമജപവുമായി ഇറങ്ങിയ എൻ.എസ്.എസിന്റെ നീക്കത്തിൽ നിന്നും രാഷ്ട്രീയമായി നേട്ടമുണ്ടാവുമെന്ന കണക്ക് കൂട്ടലിലായിരുന്നു ബി.ജെ.പി ഇത് വരെ. ശബരിമലയിൽ സർക്കാരിന്റെ വീഴ്ചകളെ കടുത്ത ഭാഷയിൽ വിമർശിച്ച എൻ.എസ്. എസിന്റെ പ്രസ്താവനകൾക്ക് പിന്തുണ നൽകാനും ബി.ജെ.പി. നേതാക്കൾ അതിനാൽ പ്രത്യേകം ശ്രദ്ധ ചെലുത്തിയിരുന്നു.

എന്നാൽ ശബരിമല വിഷയത്തിലെന്നപോലെ രാഷ്ട്രീയ നിലപാടുകളെ കുറിച്ചും സമുദായത്തിലെ അംഗങ്ങളെ അറിയിക്കുന്നതിനായി താലൂക്കടിസ്ഥാനമായുള്ള യൂണിയനുകളിൽ പ്രവർത്തകയോഗങ്ങൾ വിളിച്ചിരിക്കുകയാണ് എൻ.എസ്.എസ്. സോഷ്യൽ മീഡിയയിലടക്കം എൻ.എസ്.എസ് ഇനിമുതൽ ബി.ജെ.പിക്കൊപ്പമാണെന്ന തരത്തിൽ പ്രചരണം നടക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രവർത്തകയോഗങ്ങൾ വിളിച്ചിരിക്കുന്നത്.

ശബരിമലയിൽ പ്രതിഷേധം നടത്തുന്ന ബി.ജെ.പിക്ക് വിശ്വാസികളോട് ആത്മാർത്ഥതയുണ്ടെങ്കിൽ കേന്ദ്രസർക്കാരിനെ കൊണ്ട് ഓർഡിനൻസ് ഇറക്കാനുള്ള സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവും പ്രവർത്തകയോഗങ്ങളിൽ ഉയർത്തുന്നുണ്ട്. കരയോഗം ഭാരവാഹികളെ ഉൾപ്പെടുത്തിയുള്ള യോഗങ്ങളിൽ ഡയറക്ടർ ബോർഡ് അംഗങ്ങളെത്തിയാണ് കാര്യങ്ങൾ വിശദീകരിക്കുന്നത്.