 ബില്ല് പാസായി ഇനി തുടങ്ങാം വ്യവസായം ലൈസൻസില്ലാതെ

Thursday 21 November 2019 4:30 AM IST
തിരുവനന്തപുരം: അനുമതിയൊന്നും വാങ്ങാതെ സംസ്ഥാനത്ത് വ്യവസായ സംരംഭങ്ങൾ തുടങ്ങാൻ സംരംഭകരെ സഹായിക്കുന്ന ബില്ല് നിയമസഭ പാസാക്കി. 10 കോടി രൂപയിൽ താഴെ നിക്ഷേപമുള്ള സംരംഭങ്ങൾ മൂന്നുവർഷത്തേക്ക് വരെ ലൈസൻസില്ലാതെ നടത്താം. ജില്ലാ ഏകജാലക ബോർ‌ഡിന് അപേക്ഷയും സത്യവാങ്മൂലവും സമർപ്പിക്കുമ്പോൾ ലഭിക്കുന്ന രസീത് ഉപയോഗിച്ച് അടുത്തദിനം തന്നെ വ്യവസായം ആരംഭിക്കാം.

സംസ്ഥാനത്ത് സൂക്ഷ്‌മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾ ശക്തിപ്പെടുത്താനും കൂടുതൽ സംരംഭകരെ ആകർഷിക്കാനും ലക്ഷ്യമിട്ടുള്ള ബില്ലാണിത്. കേരള വ്യവസായ ഏകജാലക ക്ളിയറൻസ് ബോർഡ് - വ്യവസായ നഗരപ്രദേശ വികസന ഭേദഗതി ബില്ലും സഭ പാസാക്കി. മൂന്നു വർഷത്തേക്ക് ഒരു പരിശോധനയും അനുവദിക്കില്ലെന്ന് ബില്ല് അവതരിപ്പിച്ച മന്ത്റി ഇ.പി. ജയരാജൻ പറഞ്ഞു.

ഉടൻ തുടങ്ങാം സംരംഭം

ബില്ലിന്റെ ഗുണം

 അനുമതിയൊന്നും ഇല്ലാതെ സംരംഭം തുടങ്ങാം

 അനുമതികൾക്കായി ഓഫീസുകൾ കയറിയിറങ്ങേണ്ട

 നിക്ഷേപം ₹10 കോടിയിൽ താഴെയാകണം

 മൂന്നുവർഷത്തേക്ക് ലൈസൻസ് വേണ്ട

 മൂന്നുവർഷക്കാലം പരിശോധനകളും ഉണ്ടാവില്ല

 വ്യവസായങ്ങൾക്ക് ആവശ്യമായ വൈദ്യുതി ലഭിക്കാനും തടസമില്ല

3 വർഷം

കഴിഞ്ഞാൽ?

വ്യവസായം ആരംഭിച്ച് മൂന്നുവർഷം കഴിഞ്ഞാൽ ആറുമാസത്തിനകം എല്ലാ ലൈസൻസുകളും ക്ലിയറൻസുകളും എടുക്കണം.

ഇവ പറ്റില്ല!

റെഡ് കാ​റ്റഗറിയിൽപെട്ടതോ നെൽവയൽ തണ്ണീർത്തട നിയമം, തീരദേശ പരിപാലന നിയമം എന്നിവ ലംഘിക്കുന്നതോ ആയ വ്യവസായങ്ങൾ തുടങ്ങാനാവില്ല.

₹5 ലക്ഷം

ചട്ടം ലംഘിച്ചാൽ പിഴ അഞ്ചുലക്ഷം രൂപവരെ

68%

കേരളത്തിലെ വ്യവസായങ്ങളിൽ 68 ശതമാനവും എം.എസ്.എം.ഇകളാണ്.