ബി.പി.സി.എൽ ഓഹരികൾ ഇന്ത്യൻ ഓയിൽ വാങ്ങില്ല
ന്യൂഡൽഹി: കേന്ദ്രം വിറ്റൊഴിയാൻ തീരുമാനിച്ച ബി.പി.സി.എല്ലിന്റെ ഓഹരികൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഉൾപ്പെടെ പൊതുമേഖലയിലെ ഒരു കമ്പനിയും വാങ്ങില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. ഓഹരി വാങ്ങാൻ 90,000 കോടി രൂപയെങ്കിലും ചെലവിടേണ്ടി വരുമെന്നതാണ് കാരണം.
സാമ്പത്തികകാര്യ കാബിനറ്ര് സമിതി കഴിഞ്ഞ ദിവസമാണ് ബി.പി.സി.എൽ ഉൾപ്പെടെ അഞ്ചു പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികൾ വിറ്റഴിക്കാൻ അനുമതി നൽകിയത്. കമ്പനികളിലെ സർക്കാർ ഓഹരി പങ്കാളിത്തം 51 ശതമാനത്തിൽ താഴെയായി നിലനിറുത്താനാണ് തീരുമാനം. ബി.പി.സി.എല്ലിൽ 53.29 ശതമാനം ഓഹരി പങ്കാളിത്തമാണ് കേന്ദ്രത്തിനുള്ളത്. ഇതു പൂർണമായി കേന്ദ്രം വിറ്റൊഴിയും. 62,000 കോടി രൂപയാണ് കേന്ദ്ര ഓഹരികളുടെ മൂല്യം കണക്കാക്കുന്നത്. ഈ ഓഹരികൾ വാങ്ങുന്ന നിക്ഷേപകർ, കമ്പനിയിലെ 26 ശതമാനം വരുന്ന ന്യൂനപക്ഷ ഓഹരികളും ഓപ്പൺ ഓഫറിലൂടെ വാങ്ങേണ്ടിവരും. ഇതിന് വേണ്ടത് 30,000 കോടി രൂപയാണ്.
നാല് റിഫൈനറികൾ
മുംബയ്, കൊച്ചി, ബിന (മദ്ധ്യപ്രദേശ്), നുമാലിഗഢ് (അസാം) എന്നിവിടങ്ങളിലായി നാല് റിഫൈനറികൾ ബി.പി.സി.എല്ലിനുണ്ട്. ഇവയുടെ വാർഷിക സംയുക്തശേഷി 38.3 മില്യൺ ടണ്ണാണ്. നുമാലിഗഢ് ഒഴികെയുള്ള മൂന്നു റിഫൈനറികളാണ് (ശേഷി 35.3 മില്യൺ ടൺ) കേന്ദ്രം വിറ്റഴിക്കുക. നുമാലിഗഢ് റിഫൈനറി ഇന്ത്യൻ ഓയിലിനോ മറ്രേതെങ്കിലും പൊതുമേഖലാ എണ്ണക്കമ്പനിയെയോ കൊണ്ട് ഏറ്റെടുപ്പിച്ചേക്കും.
95%
ഇന്ത്യയിലെ ഡീസൽ, പെട്രോൾ വില്‌പനയുടെ 95 ശതമാനവും എൽ.പി.ജി., മണ്ണെണ്ണ എന്നിവയുടെ 100 ശതമാനവും കൈകാര്യം ചെയ്യുന്നത് പൊതുമേഖലാ എണ്ണക്കമ്പനികളാണ്.