 തോക്കേന്തിയ മാവോയിസ്റ്റുകൾ യഥാർത്ഥ വിപ്ളവകാരികളല്ല മാവോയിസ്റ്റുകൾക്കെതിരായ നടപടി രാഷ്ട്രീയ തീരുമാനമല്ല: കോടിയേരി

Saturday 23 November 2019 12:01 AM IST
kodiyeri

തിരുവനന്തപുരം: മാവോയിസ്റ്റുകൾക്കെതിരെ അട്ടപ്പാടി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലുണ്ടായ പൊലീസ് നടപടി എൽ.ഡി.എഫിന്റെയോ, പിണറായി സർക്കാരിന്റെയോ രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിലല്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി എന്നാൽ, തോക്കേന്തിയ മാവോയിസ്റ്റുകൾ യഥാർത്ഥ വിപ്ലവകാരികളാണെന്ന കാഴ്ചപ്പാട് സി.പി.എമ്മിനില്ലെന്നും പാർട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കൂട്ടർ അരാജകവാദികളും യഥാർത്ഥ വിപ്ലവശക്തികളെ ക്ഷീണിപ്പിക്കാനുള്ള ശത്രുവർഗ്ഗത്തിന്റെ കൈയിലെ കോടാലികളുമാണ്. ആയുധമേന്തിയവരാണെങ്കിലും അവരെയെല്ലാം പൊലീസിനെയോ സൈന്യത്തെയോ ഉപയോഗിച്ച് ഉന്മൂലനം ചെയ്യുകയെന്ന നയം എൽ.ഡി.എഫിനോ സി.പി.എമ്മിനോ ഇല്ല. സി.പി.എം പ്രവർത്തകരായ കോഴിക്കോട്ടെ യുവാക്കൾക്കെതിരെ പൊലീസ് യു.എ.പി.എ പ്രയോഗിച്ചത് മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമല്ല പക്ഷേ രാഷ്ട്രീയ ജാഗ്രത ആവശ്യപ്പെടുന്ന ഘടകം ഇതിലുണ്ട്.

ആദിവാസികൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളുടെ സാമൂഹ്യ പിന്നാക്കാവസ്ഥയും ദാരിദ്ര്യവും പശ്ചാത്തലമാക്കി ഇന്ത്യയിൽ വിവിധ പ്രദേശങ്ങളിൽ വേരുറപ്പിക്കാൻ മാവോവാദികൾ നീങ്ങിയിരുന്നു. അത്തരം അവസ്ഥകളൊന്നുമില്ലാത്ത കേരളത്തെ തീവ്രവാദ പ്രവർത്തനത്തിനുള്ള താവളമാക്കുന്നതിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തെ ദുർബലപ്പെടുത്താനുള്ള രാഷ്ട്രീയ അജൻഡയാണ് വെളിവാകുന്നത്. ഇന്ത്യയിൽ ഇടതുപക്ഷ ഭരണമുള്ള ഏക സംസ്ഥാനമായ കേരളത്തിൽ തുടർഭരണം ലഭിക്കരുതെന്ന ലാക്കോടെ ജനമനസ്സുകളെ തിരിക്കാനാണ് നോട്ടം. അതിന് സാമ്രാജ്യത്വശക്തികളുടെയും സാർവദേശീയ മതതീവ്രവാദ സംഘടനകളുടെയും പിന്തുണ കിട്ടുന്നുണ്ട്. തീവ്രമായ ഈ അടിയൊഴുക്കിന്റെ രാഷ്ട്രീയം തമസ്കരിച്ച് അട്ടപ്പാടി സംഭവത്തെ ഒറ്റപ്പെട്ടതായി കാണരുത്.

യു.എ.പി.എയുടെ മറവിൽ സി.പി.എമ്മിനെയും എൽ.ഡി.എഫ് സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിക്കാൻ വ്യത്യസ്ത കോണുകളിലുള്ള കമ്മ്യൂണിസ്റ്റ് വിരുദ്ധർ കൈകോർത്തിട്ടുണ്ട്. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ടു തട്ടിലെന്ന ചിത്രീകരണം അസംബന്ധമാണ്. രണ്ട് വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ഉപയോഗിച്ച നടപടി നിയമപരമായ പരിശോധനയിലൂടെ സർക്കാർ തിരുത്തുമെന്നും കോടിയേരി ലേഖനത്തിൽ പറഞ്ഞു.