ശബരിമല ദർശനത്തിനായി തൃപ്‌തി ദേശായിയും സംഘവും കേരളത്തിൽ, ബിന്ദു അമ്മിണിയുടെ മുഖത്ത് മുളക് പൊടി സ്‌പ്രേ ചെയ്‌തു
കൊച്ചി: ശബരിമല ദർശനത്തിനായി തൃപ്തിദേശായിയും സംഘവും കേരളത്തിലെത്തി. പുലർച്ചെ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഇവർ ശബരിമലയിലേക്ക് പോവുന്നതിന് മുന്നോടിയായി കൊച്ചി സിറ്റിപൊലീസ് കമ്മീഷണർ ഓഫീസിലെത്തി. കഴിഞ്ഞ മണ്ഡലകാലത്ത് ദർശനം നടത്തിയ ബിന്ദു അമ്മിണിയും തൃപ്‌തി ദേശായിയുടെ സംഘത്തിലുണ്ട്.
യുവതികൾ എത്തിയ വിവരമറിഞ്ഞ് ബി.ജെ.പി നേതാവ് സി.ജി. രാജഗോപാലിന്റെ നേതൃത്വത്തിൽ പ്രതിഷേധക്കാർ കമ്മീഷണർ ഓഫീസിന് മുന്നിലെത്തി പ്രതിഷേധം ആരംഭിച്ചു കഴിഞ്ഞു. ഇവരും ബിന്ദു അമ്മിണിയും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതിഷേധക്കാരിലൊരാൾ ബിന്ദു അമ്മിണിയുടെ മുഖത്ത് മുളകുപൊടി സ്‌പ്രേ ചെയ്‌തു.
അതേസമയം, തൃപ്തിദേശായിയും ഭൂമാത ബ്രിഗേഡ് അംഗങ്ങളും കൊച്ചി സിറ്റിപൊലീസ് കമ്മിഷണറുടെ ഓഫീസിൽ കഴിയുകയാണ്.നേരത്തെ വിമാനത്താവളത്തിൽ നിന്ന് പമ്പയിലേക്ക് യാത്രതിരിച്ച സംഘം വഴിമധ്യേ യാത്ര മതിയാക്കി പൊലീസ് കമ്മിഷണർ ഓഫീസിലെത്തി സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ശബരിമല ദർശനം തന്റെ അവകാശമാണെന്നും ശബരിമലയിലേക്ക് പോകാനാകില്ല എന്ന് സംസ്ഥാന സർക്കാർ എഴുതി നൽകിയാൽ മടങ്ങാമെന്നുമാണ് തൃപ്‌തി ദേശായിയുടെ നിലപാട്. എന്തുകൊണ്ട് കയറാനാകില്ലെന്ന് വ്യക്തമാക്കണമെന്നും അല്ലെങ്കിൽ ശബരിമല ദർശനത്തിന് സൗകര്യമൊരുക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.