സിന്തൈറ്റ് വൈസ് ചെയർമാൻ ജോർജ് പോൾ നിര്യാതനായി
കൊച്ചി: മൂല്യവർദ്ധിത സുഗന്ധവ്യഞ്ജന വ്യവസായരംഗത്തെ പ്രമുഖരായ സിന്തൈറ്റ് ഇൻഡസ്ട്രീസ് ലിമിറ്റഡ് വൈസ് ചെയർമാനും വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തകനുമായ ജോർജ് പോൾ (70) നിര്യാതനായി. ഇന്നലെ രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് എറണാകുളം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ. ഭാര്യ: ലിസി ജോർജ്, മക്കൾ: പൗലോ ജോർജ്, മിറിയ വർഗീസ്.
സിന്തൈറ്റ് ഗ്രൂപ്പ് സ്ഥാപകൻ സി.വി. ജേക്കബിന്റെ സഹോദരീ പുത്രനാണ് ജോർജ് പോൾ. പെരുമ്പാവൂർ കുറുപ്പംപടി എമ്പശേരി കുടുംബത്തിൽ ജനിച്ച ജോർജ് പോൾ കേരള സർവകലാശാലയിൽ നിന്ന് പ്രകൃതിശാസ്ത്രത്തിൽ ബിരുദം നേടിയിട്ടുണ്ട്. കൊച്ചിൻ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം, കോതമംഗലം എം.എ കോളേജ് ബോർഡ് ഒഫ് സ്റ്റഡീസ് അംഗം, ചങ്ങനാശേരി എസ്.ബി കോളജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്‌മെന്റ് സ്റ്റഡീസ് ഉപദേശക സമിതി അംഗം, മുംബയിലെ ഇന്ദിര ഇൻസ്റ്റിറ്റ്യൂഷൻ ഒഫ് മാനേജ്‌മെന്റ് ബോർഡ് അംഗം, സ്വാശ്രയ മെഡിക്കൽ കോളേജുകളുടെ സംഘടനയുടെ സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
2017 മാർച്ച് ഒന്നുമുതൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ അൽമായ ട്രസ്റ്റിയായി സേവനമനുഷ്ഠിക്കുകയായിരുന്നു. മലങ്കരസഭാ മാനേജിംഗ് കമ്മിറ്റി അംഗം, കോലഞ്ചേരി മെഡിക്കൽ കോളജ് വൈസ് പ്രസിഡന്റ്, സിന്തൈറ്റ് ഗ്രൂപ്പ് വൈസ് പ്രസിഡന്റ്, മാനേജിംഗ് ഡയറക്ടർ, കൊച്ചി മെട്രോ അഡ്വസൈറി ബോർഡംഗം, എറണാകുളം സെന്റ് മേരിസ് കത്തീഡ്രൽ മുൻ ട്രസ്റ്റി എന്നീ നിലകളിലും പ്രവർത്തിച്ചു.